play-sharp-fill
പാലാരിവട്ടം പാലം അഴിമതി: തട്ടിച്ചെടുത്ത കോടികളുടെ വീതം പങ്കിട്ടെടുത്തവരിൽ ഉന്നതരും

പാലാരിവട്ടം പാലം അഴിമതി: തട്ടിച്ചെടുത്ത കോടികളുടെ വീതം പങ്കിട്ടെടുത്തവരിൽ ഉന്നതരും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ പിടിയിലാകാനിരിക്കുന്നത് വമ്പന്മാരെന്ന് സൂചന. ടി ഒ സൂരജ്‌ ഉൾപ്പെടെ നാല്‌ ഉയർന്ന ഉദ്യോഗസ്ഥരിൽ ഒതുങ്ങുന്നതല്ല കേസ്‌ എന്നതാണ് പ്രതിപ്പട്ടികയില്‍ പോലും ഇല്ലാതിരുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ അറസ്റ്റോടെ മനസ്സിലാകുന്നത് . പാലാരിവട്ടം ഫ്ലൈ ഓവര്‍ അഴിമതിക്കേസില്‍ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമായതോടെ അഴിമതിപ്പണം വീതം വച്ചിരിക്കാമെന്ന സംശയത്തിലാണ് വിജിലൻസ്. അഴിമതിയിലൂടെ ലഭിച്ചത് എത്ര കോടിയാണെന്നും ഈ പണം ആരെല്ലാം വീതം വച്ചു എന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.

സാമ്പത്തിക ലാഭത്തിനായി കരാറുകാരനും മൂന്ന് സർക്കാർ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി ഗുണനിലവാരമില്ലാത്ത പാലം പണിഞ്ഞെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. പാലം നിർമ്മാണത്തിന്റെ ക്വട്ടേഷൻ ക്ഷണിച്ചതു മുതൽ നിർമ്മാണം വരെ സകലതിലും അഴിമതി വ്യക്തമാണെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. ഓരോ പ്രതികളും ചെയ്ത ക്രമക്കേടുകൾ പേരെടുത്ത് സൂചിപ്പിച്ചിട്ടുണ്ട്. കരാർ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് നിർമ്മാണം ആരംഭിക്കാനായി കരാർ ഏറ്റെടുത്ത ആർ.ഡി.എസ്. ന് 8,25,59,768 രൂപ നൽകി. ഇക്കാര്യത്തിൽ ടി.ഒ.സൂരജ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള അസി.ജനറൽ മാനേജർ എം.ടി.തങ്കച്ചൻ, കിറ്റ്കോ ജനറൽ മാനേജർ ബെന്നി പോൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി. വേണ്ടത്ര രേഖകൾ സമർപ്പിക്കാതിരുന്നിട്ടും ആർ.ഡി.എസ്.ന് മൂവരും ചേർന്ന് കരാർ നൽകി.

മുൻകൂട്ടി നൽകിയ പണത്തിന് ഏഴു ശതമാനം എന്ന കുറഞ്ഞ പലിശ നിരക്ക് നിശ്ചയിച്ചത് ടി.ഒ.സൂരജാണ്. ഇങ്ങനെ പണം നൽകുമ്പോൾ 30 ശതമാനം ബിൽ തുക റോഡ് ഫണ്ട് ബോർഡിൽ പിടിച്ചു വയ്ക്കണം എന്നാണ് വ്യവസ്ഥ. എന്നാൽ ഇത് 10 ശതമാനം മതിയെന്ന് സൂരജ് ഫയലിൽ കുറിച്ചു. റോഡ് ഫണ്ട് ബോഡിൽ നിന്ന് നേരിട്ട് കരാറുകാരന് പണം നൽകാനുള്ള സൗകര്യവും സൂരജ് ചെയ്തു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർ.ഡി.എസ്. പാലം നിർമ്മാണത്തിനായി 47,68,38,214 രൂപയുടെ ക്വട്ടേഷനാണ് നൽകിയത്. ഇത് മറ്റുള്ളവരേക്കാൾ ഉയർന്ന തുകയായിട്ടും ക്വട്ടേഷൻ നിരസിക്കാതെ കിറ്റ്കോയുടെ പരിഗണനയ്ക്ക് അയച്ചത് എം.ടി.തങ്കച്ചനാണ്. കിറ്റ്കോ പാലം നിർമ്മാണത്തിന്റെ മേൽനോട്ടത്തിൽ ഗുരുതരമായ വീഴ്ച വരുത്തി. പാലത്തിൽ നിന്ന് ശേഖരിച്ച കോൺക്രീറ്റ് സാമ്പിളിന് പരിശോധനയിൽ വേണ്ടത്ര ഗുണ നിലവാരമില്ലെന്ന് തെളിഞ്ഞതായും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.

ഉദ്യോഗസ്ഥരെയും കരാറുകാരനെയും ഉൾപ്പെടെ 17 പേരെ കേസിൽ പ്രതിചേർത്ത വിജിലൻസ്‌, ടി ഒ സൂരജിന്റെ അറസ്‌റ്റിന്‌ ദിവസങ്ങൾമുമ്പ്‌ പൊതുമരാമത്തുമന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെയും മൂന്നുമണിക്കൂറോളം ചോദ്യംചെയ്‌തിരുന്നു. പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇബ്രാഹിം കുഞ്ഞിനെ വിജൻസ് സംഘം അഴിമതി കേസിൽ ചോദ്യം ചെയ്തതോടെ ഈ ആരോപണം ശക്തമായി. അഴിമതി സംബന്ധിചച് ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ തീരുമാനം.

അഴിമതിക്കേസുമായി ബന്ധപ്പട്ട് 30 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് ഫ്ലൈ ഓവര്‍ നിര്‍മാണത്തിന് മേല്‍നോട്ട ചുമതലയുണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ കേരളയുടെ ചെയര്‍മാനായിരുന്ന ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്.

ഇക്കഴിഞ്ഞ 22ന് അന്വേഷണ സംഘം ഇബ്രാഹിം കുഞ്ഞില്‍ നിന്നും ഒരു തവണ മൊഴിയെടുത്തിരുന്നു. വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഡിവൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. രണ്ടര മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു. അന്ന് ചില നിര്‍ണായക വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ ഭരണാനുമതി നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്നുമായിരുന്നു മുന്‍ മന്ത്രി മൊഴി നല്‍കിയത്.

അതേസമയം, അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി.ഒ. സൂരജ് ഉള്‍പ്പെടെ നാലു പേരുടെ കസ്റ്റഡി അപക്ഷേ ഇന്ന് പരിഗണിക്കും. നാല് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മാണ കമ്ബനിയായ ആര്‍.ഡി.എസ് പ്രൊജക്‌ട് മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ എം.ഡി ബെന്നി പോള്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അസി. ജനറല്‍ മാനേജര്‍ പി.ഡി. തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇപ്പോള്‍ അറസ്റ്റിലാവയവര്‍ക്കു പുറമേ ഉദ്യേഗസ്ഥര്‍ ഉള്‍പ്പെടെ 16 പേര്‍ കേസില്‍ സംശയത്തിന്റെ നിഴലിലാണ്.