Spread the love

തിരുവനന്തപുരം: ടീം യുഡിഎഫ് എന്ന നിലയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തില്‍ എത്തിയ വി ഡി സതീശന്‍ സര്‍ക്കാറിന്റെ ആദ്യകാല നടപടികളില്‍ അതൃപ്തികള്‍ പുകയുന്നു.
വകുപ്പു സെക്രട്ടറിമാരും കളക്ടര്‍മാരും അടക്കമുള്ള ഐ.എ.എസുകാരെ മാറ്റിനിയമിച്ചതില്‍ മന്ത്രിമാര്‍ക്കിടയില്‍ അതൃപ്തി ഉടലെടുത്തിരുന്നു. മന്ത്രിമാരെ അറിയിക്കാതെയാണ് ഇത്തരം നിയമനങ്ങള്‍ നടത്തിയതെന്നതാണ് വിവാദം മറുകാന്‍ ഇടയാക്കിയത്. ഇതിനിടെ തിങ്കളാഴ്ച രാവിലെ മന്ത്രിസഭ ചേരും.
റവന്യൂ മന്ത്രി അറിയാതെയാണ് കളക്ടര്‍മാരെ മാറ്റിയതെന്നും വ്യവസായസെക്രട്ടറിയുടെ നിയമനം വകുപ്പുമന്ത്രി അറിഞ്ഞില്ലെന്നുമാണ് ആക്ഷേപം. കളക്ടര്‍മാരുടെ നിയമനത്തിലും ചില മന്ത്രിമാര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ‘സര്‍ക്കാരിന്റെ ആഭ്യന്തര കാര്യമാണെന്നും പരസ്യമായി പ്രതികരിക്കാനില്ല’ എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. വ്യവസായ ഡയറക്ടറായി കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെ നിയമിച്ചതാണ് കുഞ്ഞാലിക്കുട്ടിയെ ചൊടിപ്പിച്ചത്.

video
play-sharp-fill

മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടാണ് സ്ഥലംമാറ്റ തീരുമാനമെടുത്തത്. അറിയിക്കാതെ കലക്ടര്‍മാരെ മാറ്റിയതിലുള്ള രോഷം റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ മുഖ്യമന്ത്രിയെയും യുഡിഎഫ് നേതാക്കളെയും അറിയിച്ചു. കെ സി വേണുഗോപാലിന്റെ മുന്നിലും പരാതിയെത്തി. തീരുമാനം മരവിപ്പിക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിച്ചില്ല. സ്ഥലംമാറ്റപ്പെട്ടവരോട് തിങ്കളാഴ്ച ചുമതലയേല്‍ക്കാനാണ് നിര്‍ദേശിച്ചത്. ഒരുദിവസത്തെ ഇടവേളയിലുള്ള ചുമതലയേല്‍ക്കല്‍ ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രത്തന്‍ കേല്‍ക്കറെ നിയമിച്ചത് ഘടകക്ഷികളിലും കോണ്‍ഗ്രസിലും ചര്‍ച്ചയായിട്ടുണ്ട്.

ബുധനാഴ്ച ബക്രീദ് അവധിയായതിനാലാണ് മന്ത്രിസഭായോഗം തിങ്കളാഴ്ച ചേരുന്നത്. വൈകുന്നേരത്തോടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയെ കാണുന്നതിനായി ഡല്‍ഹിക്കു പോകുന്നുണ്ട്. ചൊവ്വാഴ്ചത്തേക്കാണ് പ്രധാനമന്ത്രി സമയം അനുവദിച്ചിട്ടുള്ളത്.
സൗഹൃദ സന്ദര്‍ശനമാണെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പി.എം.ശ്രീയും മറ്റു വികസനകാര്യങ്ങളും ചര്‍ച്ചയായേക്കും. കേന്ദ്രമന്ത്രിമാരെയും സന്ദര്‍ശിച്ചേക്കും. ചൊവ്വാഴ്ച രാത്രിതന്നെ മടങ്ങിയെത്താനാണ് തീരുമാനം. മലബാര്‍ മേഖലയില്‍ ഹയര്‍സെക്കന്‍ഡറി ബാച്ചും സീറ്റുകളും അനുവദിക്കുന്ന കാര്യം മന്ത്രിസഭയില്‍ എത്തിയേക്കും. 29-ന് നിയമസഭയില്‍ ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപനത്തിന്റെ കരടും അംഗീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനുള്ള വിശദാംശങ്ങള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കായി ഗതാഗതവകുപ്പ് തയ്യാറാക്കുന്നുണ്ട്.
അതിനിടെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍.ഇ.പി.) ചുവടു പിടിച്ചുള്ള പി.എം.ശ്രീ വിഷത്തില്‍ യുഡിഎഫിന് മുന്നില്‍ വെല്ലുവിളികള്‍ പലതാണ്. സ്‌കൂള്‍ പദ്ധതി വീണ്ടും ചര്‍ച്ചയായിരിക്കേ, രാഷ്ട്രീയപ്രതിരോധമുയര്‍ത്താന്‍ സി.പി.എം ഒരുങ്ങുകയാണ്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ പി.എം. ശ്രീ കരാറില്‍ ഒപ്പിട്ടപ്പോള്‍ അതിനെ എതിര്‍ത്തുള്ള യു.ഡി.എഫ്. നേതാക്കളുടെ പ്രസ്താവനകള്‍ ഓര്‍മ്മിപ്പിച്ചാണ് സൈബര്‍ പ്രചാരണം.

മന്ത്രിസഭയെ മറികടന്ന് ഇടതുസര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ ബി.ജെ.പി.-സി.പി.എം. ഡീലിന്റെ ഭാഗമാണിതെന്ന് എ.ഐ.സി.സി. ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞതാണ് മുഖ്യപ്രചാരണായുധം. യു.ഡി.എഫ്. ഭരണംവന്നാല്‍ കരാര്‍ റദ്ദാക്കുമെന്ന് മുസ്ലിംലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. ഷാജിയും പറഞ്ഞതും ചൂണ്ടിക്കാട്ടുന്നു.

സമഗ്ര ശിക്ഷാ കേരളയ്ക്കുള്ള (എസ്.എസ്.കെ.) കേന്ദ്രവിഹിതം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതാണെന്ന് മന്ത്രി എന്‍. ഷംസുദീന്‍ പ്രസ്താവിച്ചിരുന്നു. കരാര്‍ ഒപ്പിട്ടത് എല്‍.ഡി.എഫ്. സര്‍ക്കാരല്ലേയെന്ന് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതികരിച്ചിരുന്നു. ഇതെല്ലാം, ഇടതുപക്ഷത്തെ ചാരി പദ്ധതി നടപ്പാക്കാനുള്ള യു.ഡി.എഫ്. തന്ത്രമാണെന്നാണ് സി.പി.എം. വിമര്‍ശനം. പി.എം.ശ്രീയില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയിട്ടില്ലെന്നാണ് സി.പി.എം. വാദം.

സംഘപരിവാറിന്റെ വികലരാഷ്ട്രീയവീക്ഷണത്തിലുള്ള എന്‍.ഇ.പി. നടപ്പാക്കുന്നതില്‍, കോണ്‍ഗ്രസും ലീഗും നിലപാട് വ്യക്തമാക്കണമെന്ന് പി.എം.ശ്രീയെ തുടക്കമുതലേ എതിര്‍ക്കുന്ന സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫ്. വാക്കുപാലിക്കണമെന്ന് സി.പി.ഐ. അധ്യാപകസംഘടനയായ എ.കെ.എസ്.ടി.യു. ജനറല്‍ സെക്രട്ടറി ഒ.കെ. ജയകൃഷ്ണനും ആവശ്യപ്പെട്ടു.