
കോട്ടയം: തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിക്ക് കീഴിലെ ഏരിയ കമ്മിറ്റികളില്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ കടുത്ത ആഭ്യന്തര കലാപം.
നേതാക്കളുടെ അഹങ്കാരവും ഏകാധിപത്യ പ്രവണതയും ജനങ്ങളെ വെല്ലുവിളിക്കുന്ന ശൈലിയുമാണ് പാര്‍ട്ടിയെ ഈ ദയനീയ തോല്‍വിയിലേക്ക് നയിച്ചതെന്ന് ഏരിയ കമ്മിറ്റികളില്‍ പ്രതിനിധികള്‍ തുറന്നടിച്ചു. ‘ചിരിക്കാന്‍ മറന്നവര്‍ക്ക് വോട്ട് എങ്ങിനെ കിട്ടും?’ എന്ന ചോദ്യമുയര്‍ത്തി, ജനങ്ങളോട് ചിരിക്കുകയും അവരെ പരിഗണിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ ഇനി നിലനില്‍പ്പുള്ളൂ എന്ന് പൂഞ്ഞാര്‍ ഏരിയ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കോട്ടയത്തു നിന്നുള്ള മന്ത്രിയായിരുന്ന വി.എന്‍. വാസവന്‍ എന്നിവര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് അണികള്‍ അമര്‍ഷം രേഖപ്പെടുത്തിയത്.
മന്ത്രിയായിരുന്ന വി.എന്‍. വാസവനിലേക്ക് സാധാരണക്കാരായ പാര്‍ട്ടിക്കാര്‍ക്ക് പോലും എത്തിപ്പെടാന്‍ വലിയ കടമ്പകളുണ്ടായിരുന്നെന്നാണ് കോട്ടയം ഏരിയ കമ്മിറ്റിയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് വാസവനെ ജനങ്ങളില്‍ നിന്നും താഴേത്തട്ടിലുള്ള അണികളില്‍ നിന്നും പൂര്‍ണ്ണമായി അകറ്റി നിര്‍ത്തി. പാര്‍ട്ടിയുടെ പരമ്പരാഗത കോട്ടകളായിരുന്ന തിരുവാര്‍പ്പ്, അയ്മനം, കുമരകം എന്നീ പ്രദേശങ്ങളില്‍ വന്‍തോതില്‍ വോട്ട് ചോരാന്‍ ഇടയാക്കിയത് മന്ത്രിയുടെയും സ്റ്റാഫിന്റെയും ഈ ജനവിരുദ്ധ ശൈലിയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് പങ്കെടുത്ത യോഗത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
പൂഞ്ഞാര്‍ ഏരിയ കമ്മിറ്റിയില്‍ കൊല്ലത്തുനിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗം എസ്. ജയമോഹന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. താന്‍ എല്ലാവരോടും ചിരിക്കുന്ന ആളാണെന്നും എന്നാല്‍ താനും പരാജയപ്പെട്ടെന്നും ജയമോഹന്‍ ഫലിതരസത്തോടെ മറുപടി നല്‍കിയെങ്കിലും അണികളുടെ അമര്‍ഷം തണുപ്പിക്കാന്‍ അതിനായില്ല. പാര്‍ട്ടി അനുഭാവികള്‍ പോലും ഏകാധിപത്യ ശൈലി തള്ളിക്കളഞ്ഞതായി പൂഞ്ഞാറില്‍ വിമര്‍ശനമുയര്‍ന്നു. ഏരിയ കമ്മിറ്റിയുടെ താല്പര്യത്തിന് വിരുദ്ധമായി ടി.എസ്. സിജുവിനെ ഏരിയ സെക്രട്ടറിയാക്കിയതും മുതിര്‍ന്ന നേതാവ് രമേഷ് ബി. വെട്ടിമറ്റത്തെ അവഗണിച്ചതും തിരിച്ചടിയായെന്ന് യോഗം വിലയിരുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വ്യക്തിപരമായ ആരോപണങ്ങളുമായി ചാടിയിറങ്ങിയ പാര്‍ട്ടി സൈബര്‍ വിങ്ങിനും നേതാക്കള്‍ക്കുമെതിരെയും കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. രാഹുലിനെതിരെ വലിയ തോതില്‍ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ സ്വന്തം പാര്‍ട്ടിയിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയവരെയും മറ്റ് ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരെയും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നത് ജനം കൃത്യമായി തിരിച്ചറിഞ്ഞു. ഈ ഇരട്ടത്താപ്പാണ് ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയത്. കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ണ്ണമായും പാളിയെന്നും, പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായത് ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനായില്ലെന്നും കെ. സോമപ്രസാദ് പങ്കെടുത്ത യോഗത്തില്‍ വികാരപരമായ പ്രതികരണങ്ങളുണ്ടായി.
പാലാ ഏരിയ കമ്മിറ്റിയില്‍ കേരള കോണ്‍ഗ്രസിന്റെ (എം) വികസന സങ്കല്പങ്ങളെ സിപിഎം പ്രതിനിധികള്‍ പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞു. ട്രിപ്പിള്‍ ഐടിയും സയന്‍സ് സിറ്റിയും മാത്രം കാണിച്ച് വോട്ട് പിടിക്കാനാകില്ലെന്നും ഗ്രാമീണ മേഖലകളില്‍ യഥാര്‍ത്ഥ വികസനം നടത്തിയെന്ന മാണി സി. കാപ്പന്റെ അവകാശവാദമാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നും യോഗം വിലയിരുത്തി. കളരിയാംമാക്കല്‍ പാലം, റിവര്‍വ്യൂ റോഡ്, കടപുഴ പാലം തുടങ്ങിയവയൊന്നും പൂര്‍ത്തിയാക്കാതെ ഭരണത്തില്‍ പങ്കാളിത്തമുള്ളവര്‍ കാപ്പനെ മാത്രം കുറ്റപ്പെടുത്തിയത് ജനങ്ങള്‍ തള്ളി.
കേരള കോണ്‍ഗ്രസിന് (എം) സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം അവര്‍ യുഡിഎഫിന് ക്രോസ് വോട്ട് ചെയ്തതായും സിപിഎം വിലയിരുത്തുന്നു. തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ തമ്മിലുള്ള പരസ്യപ്പോരിലേക്കാണ് ഈ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്







