
ചെന്നൈ: ദ്രാവിഡ പാർട്ടികള്‍ മാറി-മാറി ഭരിച്ച തമിഴ്നാട്ടില്‍ നീണ്ട 59 വർഷത്തെ ഇടവേളക്ക് ശേഷം കോണ്‍ഗ്രസ് മന്ത്രിസഭയിലേക്ക്.
കോണ്‍ഗ്രസിന്റെ രണ്ട് പ്രതിനിധികള്‍ വിജയ് നേതൃത്വം നല്കുന്ന മന്ത്രിസഭയില്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് എംഎല്‍എമാരായ അഡ്വ.രാജേഷ് കുമാർ, പി. വിശ്വനാഥ് എന്നിവരാണ് വ്യാഴാഴ്ച മന്ത്രിസഭയുടെ ഭാഗമാവുക.
എംഎല്‍എമാരുടെ സത്യപ്രതിജ്ഞക്ക് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അംഗീകാരം നല്‍കിയതായി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അറിയിച്ചു. ഇതൊരു ചരിത്ര നിമിഷമാണെന്നാണ് കെ.സി വേണുഗോപാല്‍ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. ‘ഇതൊരു ചരിത്ര നിമിഷമാണ്. 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് തമിഴ്നാട് മന്ത്രിസഭയില്‍ ചേരുന്നത്. രാഹുല്‍ ഗാന്ധിയുടെ ജനക്ഷേമ നയങ്ങളും കാഴ്ചപ്പാടുകളും തമിഴ്നാട്ടില്‍ നടപ്പിലാക്കാൻ പുതിയ മന്ത്രിമാർക്ക് സാധിക്കുമെന്ന് ഉറപ്പുണ്ട്.’ കെ.സി. വേണുഗോപാല്‍ എക്സില്‍ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിഎംകെ നേതൃത്വം നല്കുന്ന സെക്യുലർ പ്രോഗ്രസീവ് അലയൻസിന്റെ ഭാഗമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അഞ്ച് സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ഫലം വന്നതിന് പിന്നാലെ വിജയിയുടെ ടിവികെയ്ക്ക് പിന്തുണ നല്‍കുകയായിരുന്നു. വിജയിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പിന്തുണച്ചത്. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിരുന്ന ഇടതുപാർട്ടികളും വിജയിയുടെ സർക്കാറിന് പുറത്ത് നിന്ന് പിന്തുണ നല്‍കിയിരുന്നു.







