Spread the love

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ‘മൻമോഹൻ ബംഗ്ലാവ് ശാപം’.

video
play-sharp-fill

തിരുവനന്തപുരം രാജ്ഭവന് എതിർവശത്തുള്ള ഈ ഔദ്യോഗിക മന്ദിരത്തില്‍ താമസിക്കുന്ന മന്ത്രിമാർക്ക് അഞ്ച് വർഷത്തെ കാലാവധി തികയ്ക്കാനാകില്ലെന്ന ഭീതി ദശാബ്ദങ്ങളായി രാഷ്ട്രീയ നേതാക്കള്‍ക്കിടയിലുണ്ട്. മുൻകാലങ്ങളില്‍ ഇവിടെ താമസിച്ച പല പ്രമുഖ നേതാക്കളുടെയും രാഷ്ട്രീയ ഗതിവിഗതികളാണ് ഇതിന് തെളിവായി ഇവർ ഉയർത്തിക്കാട്ടുന്നത്.

വി ഡി എസ് ക്യാബിനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ‘ബേബി’ മന്ത്രിയായ ഒ ജെ ജനീഷിനാണ് ഇത്തവണ മൻമോഹൻ ബംഗ്ലാവിലേക്ക് നറുക്കുവീണിരിക്കുന്നത്. മൻമോഹൻ ബംഗ്ലാവില്‍ താമസിച്ചാല്‍ പിന്നെ നിയമസഭ കാണില്ലെന്ന ചില കോണുകളിലെ അന്ധവിശ്വാസ പ്രചാരണങ്ങളെയും രാഷ്ട്രീയ ശാപക്കഥകളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഈ യുവനേതാവിന്റെ കടന്നുവരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീമൂലം തിരുനാള്‍ മഹാരാജാവ് പണികഴിപ്പിച്ച ഈ ചരിത്രപ്രസിദ്ധമായ ബംഗ്ലാവ്, ജനാധിപത്യം വന്നതോടെയാണ് സർക്കാർ ഏറ്റെടുത്ത് മന്ത്രി മന്ദിരമാക്കിയത്. എന്നാല്‍, 2006 ലെ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലം മുതലാണ് ഈ വസതി വിവാദങ്ങളുടെ നിഴലിലാകുന്നത്.

2006 ല്‍ വി എസ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ആദ്യം മൻമോഹൻ ബംഗ്ലാവിലേക്ക് താമസം മാറ്റിയത്. എന്നാല്‍, താമസം തുടങ്ങിയതിന് പിന്നാലെ 17 ലക്ഷത്തോളം രൂപ ചെലവിട്ട് കമ്മ്യൂണിസ്റ്റ് മന്ത്രി ഔദ്യോഗിക വസതി മോടിപിടിപ്പിച്ചത് വലിയ വിവാദമായി മാറി. ഒടുവില്‍ ബംഗ്ലാവുപേക്ഷിച്ച്‌ കോടിയേരിക്ക് മാറേണ്ടി വന്നു. തൊട്ടുപിന്നാലെ എത്തിയ പൊതുമരാമത്ത് മന്ത്രി ടി യു കുരുവിളയ്ക്കും ഈ മന്ദിരം രാശിനല്‍കിയില്ല. ഭൂമിയിടപാട് ക്രമക്കേട് ആരോപണം ഉയർന്നതോടെ കുരുവിളയ്ക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു.

കുരുവിളയ്ക്ക് പകരം മന്ത്രിയായ മോൻസ് ജോസഫ് കുറച്ചുകാലം ഇവിടെ താമസിച്ചു. എന്നാല്‍ വിമാനയാത്രാ വിവാദത്തില്‍ നിന്ന് പി ജെ ജോസഫ് കുറ്റവിമുക്തനായി തിരിച്ചെത്തിയതോടെ മോൻസിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു. തുടർന്ന് പി ജെ ജോസഫ് മൻമോഹൻ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കിയെങ്കിലും, അധികം വൈകാതെ അദ്ദേഹം മുന്നണി വിട്ടതോടെ ബംഗ്ലാവ് വീണ്ടും ഒഴിഞ്ഞുകിടന്നു. എന്നാല്‍, ഇവിടെ നിന്നും ഇറങ്ങിപ്പോകേണ്ടി വന്ന പി ജെ ജോസഫ് 2011 ലും 2016 ലും 2021 ലും നിയമസഭയിലേക്ക് വൻ വിജയത്തോടെ തിരിച്ചെത്തി എന്നതും ചരിത്രം.

2011 ല്‍ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തില്‍ വന്നപ്പോള്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദാണ് ഈ ബംഗ്ലാവ് ഏറ്റെടുത്തത്. അന്ധവിശ്വാസങ്ങളെ അപ്പാടെ തള്ളിയ അദ്ദേഹം അഞ്ച് വർഷം തികച്ച ശേഷമാണ് ഇവിടെ നിന്നും പടിയിറങ്ങിയത്. തൊട്ടുപിന്നാലെ 2016 ല്‍ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. ടി എം തോമസ് ഐസക്കും മൻമോഹൻ ബംഗ്ലാവിലെത്തി അഞ്ച് വർഷ കാലാവധി വിജയകരമായി പൂർത്തിയാക്കി.

ഒടുവില്‍ 2021 ലെ എല്‍ ഡി എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ആന്റണി രാജുവാണ് മൻമോഹൻ ബംഗ്ലാവില്‍ താമസിക്കാനെത്തിയത്. എന്നാല്‍, മുൻകാലങ്ങളിലെ ‘ബംഗ്ലാവ് ഭീതി’യെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം. പഴയൊരു തൊണ്ടിമുതല്‍ കേസില്‍ കോടതി നടപടികള്‍ നേരിട്ടതോടെ ആന്റണി രാജുവിന് പുറത്തേക്ക് പോകേണ്ടി വന്നു.

തുടർച്ചയായ ഇത്തരം രാഷ്ട്രീയ യാദൃച്ഛികതകളും വിവാദങ്ങളും നിറഞ്ഞ മൻമോഹൻ ബംഗ്ലാവിലേക്കാണ് ഒ ജെ ജനീഷ് എന്ന യുവമന്ത്രി ഇപ്പോള്‍ ധീരമായി ചുവടുവെക്കുന്നത്. രാഷ്ട്രീയത്തിലെ ശാപക്കഥകളെ വികസന രാഷ്ട്രീയവും യുവത്വത്തിന്റെ കരുത്തും കൊണ്ട് ജനീഷ് തിരുത്തിക്കുറിക്കുമോ എന്നാണ് ഇനി കേരളം ഉറ്റുനോക്കുന്നത്.