
തിരുവനന്തപുരം: പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും വകുപ്പുവിഭജനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്നിട്ടില്ല.
ഇന്നു ചേരുന്ന സർക്കാരിന്റെ രണ്ടാം മന്ത്രിസഭായോഗത്തിലും മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിമാർ വകുപ്പുകളില്ലാതെയായിരിക്കും പങ്കെടുക്കുക. മുന്നണിയിലും പാർട്ടിക്കുള്ളിലും തുടരുന്ന അഭിപ്രായഭിന്നതകളാണ് വകുപ്പുവിഭജനം വൈകാൻ കാരണമായതെന്നാണ് സൂചന.
ഇതോടെ മന്ത്രിമാർ ഇപ്പോള്‍ സ്വീകരണ പരിപാടികളിലും മണ്ഡല സന്ദർശനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, ഏത് മന്ത്രിക്കാണ് ഏത് വകുപ്പ് ലഭിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ ഉദ്യോഗസ്ഥരും അനിശ്ചിതത്വത്തിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയലുകള്‍ മന്ത്രിമാർക്ക് കൈമാറാനാകാത്ത അവസ്ഥയും നിലനില്ക്കുന്നു.
വകുപ്പുകളുമായി ബന്ധപ്പെട്ട് ചില മുതിർന്ന ഉദ്യോഗസ്ഥർ മന്ത്രിമാരെ അനൗപചാരികമായി സന്ദർശിക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക ചുമതല ഉറപ്പിക്കാത്തതിനാല് കാര്യമായ തീരുമാനങ്ങളൊന്നും കൈക്കൊള്ളാനാകുന്നില്ല.
ഷിബു ബേബി ജോണിന് വനം വകുപ്പ് ലഭിക്കുമെന്ന സൂചനയെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും, ഭരണപരമായ ഇടപെടലുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല.







