
ലഖ്‌നൗ: ട്രെയിനിലെ ഒഴിഞ്ഞ കോച്ചില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം. ഉത്തർ പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ഛപ്രയില്‍ നിന്ന് ലഖ്‌നൗവിലേക്ക് സർവീസ് നടത്തുന്ന ഗോംതിനഗർ എക്‌സ്പ്രസിനുള്ളിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ട്രെയിൻ സ്റ്റേഷനിലെത്തിയ ശേഷം ശുചീകരണ പ്രവർത്തനങ്ങള്‍ക്കായി എസ് വണ്‍ സ്ലീപ്പർ കോച്ചില്‍ കയറിയ ശുചീകരണ തൊഴിലാളിയാണ് ഒരു ബർത്തിന് താഴെ സംശയാസ്പദമായ രീതിയില്‍ ലോഹ പെട്ടിയും ബാഗും കിടക്കുന്നത് ശ്രദ്ധിച്ചത്.
ഇതില്‍ അസ്വാഭാവികത തോന്നിയ അദ്ദേഹം ഉടൻ തന്നെ റെയില്‍വേയിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. താഴും താക്കോലും ഉപയോഗിച്ച് പൂട്ടിയിട്ട നിലയിലായിരുന്നു പെട്ടിയുണ്ടായിരുന്നത്.
വിവരമറിഞ്ഞയുടൻ റെയില്‍വേ പൊലീസും റെയില്‍വേ സംരക്ഷണ സേനയും സംഭവസ്ഥലത്തേക്ക് എത്തി. കോച്ചിനുള്ളില്‍ കണ്ടെത്തിയ പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ ഉടല്‍ ഭാഗം മാത്രം അതിനുള്ളില്‍ കണ്ടെത്തിയത്. ഏതാണ്ട് മുപ്പതിനും മുപ്പത്തഞ്ചിനും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.
പെട്ടിയില്‍ ഉടല്‍ ഭാഗം മാത്രമാണ് ഉണ്ടായിരുന്നത്, എന്നാല്‍ അതിനടുത്ത് സൂക്ഷിച്ചിരുന്ന ബാഗ് തുറന്നപ്പോള്‍ അതില്‍ പോളിത്തീൻ കവറുകളില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ കൈകളും കാലുകളും കണ്ടെത്തുകയായിരുന്നു. നിലവില്‍ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്, ഒപ്പം കൊല്ലപ്പെട്ടതാരാണെന്ന് തിരിച്ചറിയാനുള്ള തീവ്രശ്രമത്തിലാണ് പൊലീസുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് 17 ഞായറാഴ്ചയാണ് ഗോംതിനഗർ എക്‌സ്പ്രസിന്റെ എസ് വണ്‍ കോച്ചില്‍ നിന്ന് സംശയാസ്പദമായ രീതിയില്‍ പെട്ടിയും ബാഗും കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ വിവിധ മാർഗങ്ങളിലൂടെ ശ്രമിച്ചെങ്കിലും ഇതുവരെ അതിന് സാധിച്ചിട്ടില്ലെന്ന് പൊലീസ് വിശദമാക്കുന്നത്. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതിയെ തിരിച്ചറിയുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും മറ്റ് നിയമപരമായ നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കൊലപാതകം ചെയ്തത് ആരാണെന്നും മൃതദേഹം ട്രെയിനില്‍ ഉപേക്ഷിച്ചത് ആരാണെന്നും കണ്ടെത്താനായി റെയില്‍വേ സ്റ്റേഷനുകളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കൂടാതെ ഈ റൂട്ടില്‍ യാത്ര ചെയ്ത യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അടുത്തുള്ള ജില്ലകളിലും സംസ്ഥാനങ്ങളിലും ഈ പ്രായത്തിലുള്ള സ്ത്രീകളെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.







