Spread the love

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും വി.ഡി.സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം നീളുന്നു. സുപ്രധാനമായ ചില വകുപ്പുകളെച്ചൊല്ലി കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമിടയില്‍ ഇപ്പോഴും ശക്തമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതാണ് പട്ടിക ലോക്ഭവന് കൈമാറുന്നതിന് തടസ്സമായിരിക്കുന്നത്.

video
play-sharp-fill

ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസിനുള്ളില്‍ പ്രധാനമായും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുള്ളത്. കേരളത്തിലെ തീരദേശ മേഖലകളില്‍, പ്രത്യേകിച്ച്‌ ലത്തീന്‍ സഭ ഉള്‍പ്പെടെയുള്ള തീരദേശ സമൂഹങ്ങളില്‍ നിന്ന് ഉയര്‍ന്നേക്കാവുന്ന രാഷ്ട്രീയ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഫിഷറീസ് വകുപ്പ് കോണ്‍ഗ്രസ് തന്നെ കൈവശം വെക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ ശക്തമായ ആവശ്യം.

എന്നാല്‍, നേരത്തെ ലീഗ് നോട്ടമിട്ടിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ പകരം ഫിഷറീസ് വകുപ്പ് തങ്ങള്‍ക്ക് വേണമെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് മുസ്ലീം ലീഗ് നേതൃത്വം. ഉന്നത വിദ്യാഭ്യാസ വകുപ്പ് യുവനേതാവ് റോജി എം. ജോണിന് നല്‍കാനായിരുന്നു കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയില്‍ ധാരണയായിരുന്നത്. ഈ സാഹചര്യത്തിലാണ് ലീഗ് ഫിഷറീസ് വകുപ്പിനായി കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ലീഗിന് ഫിഷറീസ് വകുപ്പ് നൽകുന്നതിനെ ലത്തീൻ കത്തോലിക്ക സഭ എതിർത്തു. സി.പി. ജോണിനോ ഷിബു ബേബി ജോണിനോ ഫിഷറീസ് വകുപ്പ് നൽകണമെന്നാണ് ലത്തീൻ കത്തോലിക്ക സഭ ആവശ്യപ്പെടുന്നത്.
മറുവശത്ത് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കിടയിലെ വകുപ്പ് വിഭജനത്തിലും ചില അസ്വാരസ്യങ്ങള്‍ പുകയുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖിന് കൃഷി വകുപ്പ് നല്‍കാനാണ് ഒടുവില്‍ തീരുമാനിച്ചതെങ്കിലും അദ്ദേഹത്തിന് ഈ വകുപ്പ് ഏറ്റെടുക്കുന്നതില്‍ ഒട്ടും താല്പര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുപ്രധാനമായ മറ്റ് ചില വകുപ്പുകള്‍ക്കായി സിദ്ദിഖ് അനുകൂലികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

മുന്നണിയിലെയും പാര്‍ട്ടിയിലെയും ഇത്തരം ആഭ്യന്തര തര്‍ക്കങ്ങള്‍ പരിഹരിച്ച്‌ സമവായത്തിലെത്താന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ അണിയറയില്‍ തീവ്രശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതിനാല്‍ ലോക്ഭവനില്‍ നിന്നുള്ള ഔദ്യോഗിക വിജ്ഞാപനം വൈകുകയാണ്. വരും മണിക്കൂറുകളില്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മുന്നണി നേതൃത്വം.