Spread the love

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച കേസ് പുനരന്വേഷിക്കാന്‍ വിഡി സതീശന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിക്കാന്‍ യുഡിഎഫ് ഭരണകൂടം തീരുമാനിച്ചത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. പ്രമുഖ പോലീസ് ഉദ്യോഗസ്ഥന്‍ കെവി ഷൗക്കത്ത് അലി ഈ സംഘത്തിന്റെ തലവനാകുമെന്നാണ് സൂചന. സിപിഎമ്മിനെ ആകെ പ്രതിരോധത്തിലാക്കിയ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച്‌ കൊടി സുനി ഉള്‍പ്പെടെയുള്ള കൊടും ക്രിമിനലുകളെ അകത്താക്കിയ സംഭവത്തിൽ ശ്രദ്ധ നേടിയ പോലീസ് ഉദ്യോഗസ്ഥനാണ് ഷൗക്കത്ത് അലി.

video
play-sharp-fill

രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കോ ഭീഷണികള്‍ക്കോ വഴങ്ങാത്ത ഉദ്യോഗസ്ഥനെന്ന പ്രതിച്ഛായയുള്ള ഷൗക്കത്ത് അലിയെ തന്നെ ഈ കേസിന്റെ ചുമതല ഏല്‍പ്പിക്കുന്നതിലൂടെ, കഴിഞ്ഞ ഭരണകാലത്ത് നിയമം കൈയിലെടുത്ത പോലീസുകാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന ശക്തമായ മുന്നറിയിപ്പാണ് പുതിയ മുഖ്യമന്ത്രി വിഡി സതീശന്‍ നല്‍കുന്നത്. കേസ് അതിവേഗം അന്വേഷിച്ച്‌ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും പ്രതികളായ പോലീസുകാരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2023 ഡിസംബര്‍ 15നാണ്. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ച്‌ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരായ അനില്‍കുമാറും സന്ദീപും ചേര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. പൊതുമധ്യത്തില്‍ വെച്ച്‌ ലാത്തിയും വടികളും ഉപയോഗിച്ച്‌ യുവാക്കളുടെ തലയ്ക്കടക്കം മര്‍ദിച്ച ഈ ദാരുണമായ സംഭവത്തെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ന്യായീകരിക്കുകയാണ് അന്ന് ചെയ്തത്. തന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഗണ്‍മാന്‍മാര്‍ നടത്തിയ ‘രക്ഷാപ്രവര്‍ത്തനം’ എന്ന രീതിയിലായിരുന്നു മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം അന്ന് മർദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് എഡി തോമസ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ ജനപ്രതിനിധിയായി നിയമസഭയില്‍ എത്തി. മര്‍ദിച്ചവര്‍ക്ക് മുന്‍ സര്‍ക്കാര്‍ പ്രമോഷന്‍ നല്‍കി ആദരിച്ചപ്പോള്‍, മര്‍ദനമേറ്റ ഇരയെ ജനങ്ങള്‍ നിയമസഭയിലേക്ക് വോട്ടുചെയ്ത് ജയിപ്പിച്ചു വിട്ടു എന്നത് വലിയൊരു രാഷ്ട്രീയ കാവ്യനീതിയായി മാറി. അതുകൊണ്ടുതന്നെ സ്വന്തം സഹപ്രവര്‍ത്തകനെ തെരുവില്‍ തല്ലിച്ചതച്ച പോലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് പുതിയ ഭരണപക്ഷത്തിന് ഒരു അഭിമാന പ്രശ്‌നം കൂടിയാണ്. ഇതിനുള്ള ആദ്യ പടിയായാണ് ഇപ്പോള്‍ അതിവേഗത്തിലുള്ള പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.