
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം പുറത്തുവിട്ടു. ന്യൂഡല്‍ഹിയിലെ റെയില്‍വേ മന്ത്രാലയത്തിന്റെ നാലാം നമ്പര്‍ ഗേറ്റില്‍ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം സ്ഥാപിച്ചു.
കുങ്കുമം, കറുപ്പ്, വെള്ളി നിറങ്ങളിലാണ് ട്രെയിന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അല്‍പം കൂര്‍ത്ത മുന്‍വശത്ത് കണ്ണുകള്‍ പോലെ തോന്നിക്കുന്ന വിധത്തില്‍ ലൈറ്റുകളുണ്ട്.
രാജ്യത്തെ ആദ്യത്തെ അതിവേഗ റെയില്‍ പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. ഇത് 2027 ഓഗസ്റ്റ് 15-ന് പൂര്‍ത്തിയാകുമെന്നും ഘട്ടം ഘട്ടമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂറത്ത്-ബിലിമോറ ഭാഗമായിരിക്കും ആദ്യം പ്രവര്‍ത്തനക്ഷമമാകുന്നത്. തുടര്‍ന്ന് വാപ്പി-സൂറത്ത് ഭാഗവും വാപ്പി-അഹമ്മദാബാദ് ഭാഗവും തുടര്‍ന്ന് താനെ-അഹമ്മദാബാദ് ഭാഗവും അവസാനം മുഴുവന്‍ മുംബൈ-അഹമ്മദാബാദ് ഇടനാഴിയും തുറക്കും.
508 കിലോമീറ്റര്‍ ദൂരത്തിലാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതി നിര്‍മാണം. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാനാണ് പാത രൂപകല്‍പന ചെയ്തിട്ടുള്ളത്.
മുഴുവന്‍ ഇടനാഴിയും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ബുള്ളറ്റ് ട്രെയിന്‍ ഏകദേശം രണ്ട് മണിക്കൂര്‍ 17 മിനിറ്റിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കും.
നിലവില്‍ മുംബൈ-അഹമ്മദാബാദ് യാത്രക്ക് ആറ് മണിക്കൂറിലേറെയെടുക്കും. മുംബൈ, താനെ, വിരാര്‍, ബോയിസാര്‍, വാപ്പി, ബില്ലിമോറ, സൂറത്ത്, ഭരുച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി എന്നിങ്ങനെ 12 സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്.







