
കോഴിക്കോട്: വമ്പൻ വിജയം നല്‍കിയിട്ടും കോഴിക്കോട് ജില്ലക്ക് ക്യാബിനറ്റ് പ്രാതിനിധ്യം ഇല്ലാത്തതില്‍ പ്രതിഷേധം തുടർന്ന് യുഡിഎഫ് പ്രവർത്തകർ. ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ നേതൃത്വത്തിനെതിരെ കരിങ്കൊടിയും പോസ്റ്ററുകളും പതിച്ചായിരുന്നു പ്രതിഷേധം.
ബല്‍റാമും, ചാണ്ടി ഉമ്മനും, ഷാനിമോള്‍ ഉസ്മാനും അടക്കം മന്ത്രി സഭയ്ക്ക് പുറത്തായതില്‍ സത്യപ്രതിജ്ഞ വേദിയിലും പ്രവർത്തകർ നിരാശ മറച്ചു വച്ചില്ല.13 സീറ്റില്‍ 12 നല്‍കിയാണ് കോഴിക്കോട് യുഡിഎഫിനൊപ്പം നിന്നത്. കോണ്‍ഗ്രസും മുസ്ലിം ലീഗും മത്സരിച്ച മുഴുവൻ സീറ്റിലും വിജയിച്ചു. രണ്ട് മന്ത്രിസ്ഥാനം കിട്ടുമെന്ന് ജില്ലയിലെ യുഡിഎഫ് നേതൃത്വം പ്രതീക്ഷിച്ചതായിരുന്നു. ഒന്നു പോലും പരിഗണിച്ചില്ല എന്നതിലാണ് പ്രവർത്തകരുടെ നിരാശ.
വടകര പുറമേരിയില്‍ പരസ്യ പ്രകടനം, കോഴിക്കോട് ലീഗാസ്ഥാനത്ത് കരിങ്കൊടിയും പോസ്റ്ററുകളും. ജൂനിയറായ വി ഇ അബ്ദുള്‍ ഗഫൂറിന് എന്താണ് അധിക യോഗ്യതയെന്നും പോസ്റ്ററില്‍ ചോദ്യം. സത്യ പ്രതിജ്ഞക്കെത്തിയ പ്രവർത്തകരും നിരാശ മറച്ചുവച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group







