
ചെങ്ങന്നൂർ: വിവാഹവാഗ്ദാനം നല്കി മധ്യവയസ്കയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതി പിടിയില്‍. തൃശൂർ ചാവക്കാട് പാവറട്ടി സ്വദേശി പി കെ സലീം (48) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വർഷം നവംബറില്‍ ചെങ്ങന്നൂർ സ്വദേശിയായ സ്ത്രീ നല്കിയ പരാതിയിലാണ് വിദേശത്തുനിന്നെത്തിയ പ്രതിയെ പ്രത്യേക അന്വേഷണസംഘം തന്ത്രപരമായി അറസ്റ്റ് ചെയ്തത്. 2020 ല്‍ സമൂഹമാധ്യമത്തില്‍ നല്കിയ വിവാഹപ്പരസ്യത്തില്‍ നിന്ന് ഫോണ്‍ നമ്പർ ശേഖരിച്ചാണ് പ്രതി പരാതിക്കാരിയുമായി പരിചയത്തിലാകുന്നത്. താൻ വിവാഹമോചിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടുമൂന്ന് വർഷത്തോളം ഇയാള്‍ ഫോണിലൂടെ ബന്ധം തുടർന്നു.
2024 മാർച്ചില്‍ നാട്ടിലെത്തിയ സലീം പരാതിക്കാരിയുടെ വീട്ടിലെത്തുകയും അടുത്ത ദിവസങ്ങളില്‍ തന്നെ വിവാഹം ഉറപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് നിർബന്ധപൂർവ്വം ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് പ്രതി ഭാര്യക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തില്‍ കണ്ടതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം പരാതിക്കാരി അറിയുന്നത്. സമാനമായ രീതിയില്‍ പ്രതി നിരവധി സ്ത്രീകളെ വഞ്ചിച്ചിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.
സ്ത്രീസമ്പർക്കത്തില്‍ തല്പരനായ പ്രതിയെ, ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാർ മറ്റ് പേരുകളില്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചാണ് തന്ത്രപരമായി വലയിലാക്കിയത്. ചെങ്ങന്നൂർ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ് എച്ച് ഒ രെഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
എസ്ഐ സജികുമാർ, എഎസ്ഐ മാരായ ഹരികുമാർ, അജിത് കുമാർ, സീനിയർ സി പി ഒ മാരായ ശ്യാം കുമാർ, അനി, സി പി ഒ മാരായ രജനി, വിബിൻ കെ ദാസ്, ബിജോഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലില്‍ റിമാൻഡ് ചെയ്തു.







