
യുഎഇയ്ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം. അബുദാബി ബറാക്ക ആണവനിലയത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് പ്രദേശത്ത് ചെറിയ തീപിടുത്തമുണ്ടായതായും എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നും ഫെഡറല്‍ അറോറിട്ടി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ അറിയിച്ചു. മൂന്ന് ഡ്രോണുകളാണ് യുഎഇയുടെ പ്രതിരോധ സംവിധാനം ഇന്ന് നേരിട്ടത്. ആണവ പ്ലാന്റിന് നേരെയുണ്ടായ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പ്രതികരിച്ചു.
ആക്രമണങ്ങളെ പ്രതിരോധിക്കാനായെങ്കിലും ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് ആണവ നിലയത്തിലെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ തീപിടുത്തമുണ്ടായി. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ആണവ വികിരണ ഭീഷണി ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണം ഉണ്ടായ ഉടന്‍ തന്നെ സുരക്ഷാ സേനയും അഗ്‌നിശമന വിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിലയത്തിലെ പ്രധാന സംവിധാനങ്ങളെല്ലാം സുരക്ഷിതമാണെന്നും എല്ലാ യൂണിറ്റുകളും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നതായും അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മേഖലയില്‍ നിരീക്ഷണം ശക്തമാക്കി.






