Spread the love

കൊച്ചി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി ഡി സതീശന് ആശംസകളുമായി അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുണ്‍ കുമാര്‍.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുൻപ്, 2006-ല്‍ ഇതേ മെയ് 18-നായിരുന്നു വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

video
play-sharp-fill

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പ്രത്യേക പ്രാധാന്യമുള്ള അതേ ദിനത്തിലാണ് വി ഡി സതീശനും മുഖ്യമന്ത്രിപദത്തിലെത്തുന്നതെന്നത് ശ്രദ്ധേയമാണെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. “വി ഡി സതീശന്റെ ദീർഘവീക്ഷണം കേരളത്തിന് പുതിയൊരു ദിശാബോധം നല്‍കട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ.

വി എ അരുണ്‍ കുമാറിന്റെ കുറിപ്പിന്റെ പൂർണ രൂപം
ഇന്ന് മെയ് 18. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള ഒരു തീയതിയാണിത്. കൃത്യം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, അതായത് 2006 മെയ് 18-നായിരുന്നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള വലിയൊരു ജനമുന്നേറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു അന്ന് ആ വേദിയില്‍ മുഴങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ഇതേ മെയ് 18-ന് ശ്രീ. വി.ഡി. സതീശന്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുകയാണ്. ചരിത്രത്തിലെ അതീവ കൗതുകകരവും അര്‍ത്ഥവത്തുമായ ഒരു യാദൃശ്ചികതയായി തോന്നുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി പദവി എന്നത് കേവലം ഒരു പദവിയല്ല, വലിയൊരു ജനതയുടെ പ്രതീക്ഷകളുടെയും അവകാശങ്ങളുടെയും കാവല്‍പ്പുരയാണ്. വിഎസ് എന്ന ഭരണാധികാരി ആ കസേരയിലിരുന്ന് കാണിച്ചുതന്നത്, അധികാരം എന്നത് പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാനുമുള്ള ഉപാധിയാണെന്നാണ്.

ആ കസേരയിലേക്ക് പുതിയൊരു ജനവിധിയുടെ കരുത്തുമായി കടന്നുവരുന്ന ശ്രീ. വി.ഡി. സതീശന് ആ ദൗത്യം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി രംഗത്തെ പക്വതയും ദീര്‍ഘവീക്ഷണവും കേരളത്തിന് പുതിയൊരു ദിശാബോധം നല്‍കട്ടെ.
ഈ ചരിത്രദിനത്തില്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങള്‍ക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. നവകേരളത്തിന്റെ പ്രയാണത്തില്‍ ഈ ഭരണം ജനപക്ഷത്തുണ്ടാകട്ടെ.