
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്യെ നേരില്‍ കണ്ട് നിവേദനം സമർപ്പിച്ച് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമലഹാസൻ.
ഇന്നലെ നടന്ന കൂടിക്കാഴ്ചയിലാണ് ചലച്ചിത്രമേഖലയുടെ ഉന്നമനം ലക്ഷ്യം വച്ചുള്ള ആറ് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമർപ്പിച്ചത്. തമിഴ് സിനിമകളെയും സ്വതന്ത്ര സിനിമകളെയും ഡോക്യുമെന്ററികളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയില്‍ ഒരു ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കണമെന്നതാണ് കമലിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.
സാധാരണക്കാരായ പ്രേക്ഷകർക്ക് വളരെ കുറഞ്ഞ നിരക്കിലും സബ്സിഡി നിരക്കിലും തമിഴ് ഫീച്ചര്‍ സിനിമകള്‍, സ്വതന്ത്ര സിനിമകള്‍, ഡോക്യുമെന്ററികള്‍ എന്നിവ ലഭ്യമാകുന്ന ഒടിടി പ്ലാറ്റ്ഫോമാണ് കമല്ഹാസന് ആവശ്യപ്പെട്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വര്‍ദ്ധിച്ചുവരുന്ന നിര്‍മ്മാണചെലവുകള്‍
, വിതരണച്ചെലവുകള്‍, തിയറ്റര്‍ നടത്തിപ്പ് ചെലവുകള്‍ എന്നിവ കണക്കിലെടുത്ത് നികുതിയിലും ഇളവ് വേണമെന്ന് കമലഹാസൻ നിവേദനത്തില്‍ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന 4 ശതമാനം വിനോദനികുതി നിര്‍ത്തലാക്കണമെന്നാണ് കമലഹാസന്റെ മറ്റൊരു പ്രധാന ആവശ്യം.
സിനിമാ വ്യവസായത്തെ തകർക്കുന്ന വ്യാജപതിപ്പുകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇത് തടയാൻ തമിഴ്നാട് പൊലീസിന്റെ സൈബർ ക്രൈം വിഭാഗത്തിന് കീഴില്‍ പ്രത്യേക ആന്റി-പൈറസി എൻഫോഴ്സ്മെന്റ് ടീം രൂപീകരിക്കണമെന്നും കമലഹാസൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തുടനീളമുള്ള തീയറ്ററുകളില്‍ ദിവസം അഞ്ചു ഷോ വീതം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്നതാണ് അടുത്ത നിർദ്ദേശം. തിയറ്റർ ഉടമകളുടെയും വിതരണക്കാരുടെയും താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി തിയറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ വരണമെങ്കില്‍ കുറഞ്ഞത് എട്ട് ആഴ്ചത്തെ ഇടവേള നിർബന്ധമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമേ തമിഴ്നാടിനെ രാജ്യത്തെ മുന്‍നിര ചലച്ചിത്ര നിര്‍മാണ കേന്ദ്രമാക്കി മാറ്റുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെ ചലച്ചിത്ര നിര്‍മാണ പ്രോത്സാഹന പദ്ധതി അവതരിപ്പിക്കാനും മുഖ്യമന്ത്രി വിജയ്യോട് കമലഹാസന് അഭ്യർത്ഥിച്ചു.







