Spread the love

തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച തർക്കങ്ങള്‍ക്കിടയില്‍, രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിച്ചതായി സൂചന.

video
play-sharp-fill

ഇതനുസരിച്ച്‌ ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും മന്ത്രിമാരാകും. ഇരുവരും ടേം വ്യവസ്ഥയിലാകും മന്ത്രിസ്ഥാനം പങ്കിടുകയെന്നാണ് പാർട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

മന്ത്രിസഭാ രൂപീകരണ ചർച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ തനിക്ക് ഇപ്പോഴും പൂർണ്ണ പ്രതീക്ഷയുണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എഐസിസിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും, പാർട്ടിയിലെ പിന്നാക്ക വിഭാഗങ്ങളെ കോണ്‍ഗ്രസ് നേതൃത്വം കൈവിടില്ലെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടികവർഗ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി ഐ.സി. ബാലകൃഷ്ണൻ നേരത്തെ തന്നെ ശക്തമായി രംഗത്തുണ്ടായിരുന്നു. രമേശ് ചെന്നിത്തലയുടെ ഇടപെടലോടെ തർക്കങ്ങള്‍ക്ക് ഭാഗികമായി പരിഹാരമായെങ്കിലും ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപന വന്നതിന് ശേഷം മാത്രമേ അന്തിമ ചിത്രം വ്യക്തമാകൂ.

പുതിയ മന്ത്രിസഭയിലെ കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരൊക്കെ എന്നതിനെച്ചൊല്ലി പാർട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായി തുടരുകയാണ്. വിവിധ ഗ്രൂപ്പുകള്‍ തങ്ങളുടെ പ്രമുഖ നേതാക്കള്‍ക്കായി വാശിയോടെ രംഗത്തു വന്നതോടെ സമവായത്തിലെത്താൻ നേതൃത്വം കടുത്ത സമ്മർദ്ദത്തിലാണ് നേരിടുന്നത്.

ഷാനിമോള്‍ ഉസ്മാൻ, ടി. സിദ്ദിഖ്, അൻവർ സാദത്ത് എന്നിവരെ മന്ത്രിമാരാക്കാൻ അതാത് ഗ്രൂപ്പുകള്‍ ശക്തമായ സമ്മർദ്ദമാണ് ചെലുത്തുന്നത്. തനിക്ക് മന്ത്രിസ്ഥാനമോ അല്ലെങ്കില്‍ സ്പീക്കർ പദവിയോ നല്‍കണമെന്ന് മുതിർന്ന നേതാവ് എൻ. ശക്തൻ ആവശ്യപ്പെട്ടതോടെ ചർച്ചകള്‍ കൂടുതല്‍ സങ്കീർണ്ണമായി മാറി.

രാഷ്ട്രീയ സമ്മർദ്ദങ്ങള്‍ക്ക് പുറമെ സാമുദായിക സംഘടനകളുടെ ആവശ്യങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലുണ്ട്. ചാണ്ടി ഉമ്മനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ്തങ്ങളുടെ പ്രതീക്ഷയെന്ന് ഓർത്തഡോക്സ് സഭ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.