
ഈഴവ സമുദായത്തില്‍ നിന്ന് ജയിച്ചുവന്ന ഒന്‍പത് പേരില്‍ ആറ് പേരെ മന്ത്രിമാരാക്കണമെന്ന് ശിവഗിരി മഠം. ശിവഗിരി മഠവുമായി ബന്ധപ്പെട്ട് ഒമ്പത് പേര് ജയിച്ചിട്ടുണ്ടെന്നും ആറ് പേരെയെങ്കിലും മന്ത്രിമാരാക്കണമെന്നും ആവശ്യം നിയുക്ത മുഖ്യമന്ത്രി വിഡി സതീശനെ അറിയിച്ചിട്ടുണ്ടെന്നും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കേരളത്തിലെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിന് വകുപ്പുള്ളതുപോലെ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയെയും ആവശ്യമുണ്ട്. കേരളത്തില്‍ 42 ഓളം പിന്നാക്ക സമുദായങ്ങളുണ്ട്. സമുദായങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി വകുപ്പ് മന്ത്രിയുണ്ടാകണമെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
മന്ത്രിസഭയിലും അവരുടെ പേഴ്സണല്‍ സ്റ്റാഫിലും പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്ന് ശിവഗിരി മഠം നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ജാതിമത ഭേദമന്യേ എല്ലാവരുടെയും വോട്ട് വാങ്ങി ജയിച്ചുവരുന്ന ജനപ്രതിനിധികള്‍ ജാതി മത ഭേദമില്ലാതെ പ്രവര്‍ത്തിക്കണം. ജന പ്രതിനിധികളായി സമുദായ പ്രാതിനിത്യം ലഭിക്കാത്ത സമുദായങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ഏതെങ്കിലും ജാതിമത വിഭാഗങ്ങള്‍ക്ക് മന്ത്രിസഭയില്‍ അമിത പ്രാതിനിധ്യം നല്‍കരുതെന്നും ആവശ്യപ്പെട്ടിരുന്നു.






