Spread the love

മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലുണ്ടായ അക്രമങ്ങളിൽ നീതി തേടി നാഗാ, കുക്കി-സോ വിഭാഗങ്ങൾ തെരുവിലിറങ്ങി. മെയ് 13ന് കാങ്‌പോക്‌പിയിൽ മൂന്ന് ക്രൈസ്തവ സഭാനേതാക്കൾ കൊല്ലപ്പെട്ടതും നോനി ജില്ലയിൽ ഒരു നാഗാ വംശജൻ കൊല്ലപ്പെട്ടതുമാണ് പുതിയ പ്രതിഷേധങ്ങൾക്ക് കാരണമായത്. കുക്കി വിഭാഗത്തിന്റെ കസ്റ്റഡിയിലുള്ള ആറ് നാഗാ വംശജരെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നാഗാ സംഘടനകൾ കാങ്‌ലാതോങ്‌ബിയിൽ വൻ പ്രതിഷേധം നടത്തി. തങ്ങളുടെ വിഭാഗത്തിൽപ്പെട്ട 14 പേരെ വിട്ടയക്കണമെന്ന് കുക്കി-സോ സംഘടനകളും ആവശ്യപ്പെടുന്നു. നേരത്തെ ഇരുവിഭാഗങ്ങളും 28 പേരെ വിട്ടയച്ചിരുന്നു. മെയ്തേയ്-കുക്കി സംഘർഷത്തിന് പുറമെ, ഇപ്പോൾ നാഗാ-കുക്കി വിഭാഗങ്ങൾക്കിടയിലും സംഘർഷം വർദ്ധിക്കുന്നത് മണിപ്പൂരിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുയാണ്.

video
play-sharp-fill

സംസ്ഥാനത്ത് ക്രമസമാധാനം പൂർണ്ണമായും തകർന്നുവെന്ന് ആരോപിച്ച് മണിപ്പൂരിൽ വീണ്ടും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കുക്കി വനിതാ സംഘടനകൾ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. സഭാനേതാക്കളുടെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം വേണമെന്നും കുക്കി-സോ വിഭാഗത്തിന് പ്രത്യേക ഭരണസംവിധാനം വേണമെന്നുമുള്ള ആവശ്യങ്ങൾ അവർ വീണ്ടും ഉന്നയിച്ചു. കുക്കി മേഖലകളിൽ 48 മണിക്കൂർ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.