
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാക്കള്‍.
സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ജനറല്‍ സെക്രട്ടറി എസ്. സുരേഷും അനൂപ് ആന്റണിയും ചേര്‍ന്നുള്ള
‘കിച്ചന്‍ ക്യാബിനറ്റ്’ ആണ് പാര്‍ട്ടിയിലെ എല്ലാ തീരുമാനങ്ങളും ഏകപക്ഷീയമായി കൈക്കൊള്ളുന്നതെന്ന ഗുരുതരമായ ആരോപണമാണ് യോഗത്തില്‍ ഉയര്‍ന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും എന്‍.ഡി.എ ഘടകകക്ഷികള്‍ക്കുള്ള സീറ്റ് വിഭജനത്തിലും മുതിര്‍ന്ന നേതാക്കളുമായി യാതൊരുവിധ കൂടിയാലോചനകളും നടത്തിയില്ലെന്ന് മുന്‍ അധ്യക്ഷന്മാകായ കെ. സുരേന്ദ്രനും വി. മുരളീധരനും തുറന്നടിച്ചു.
ഈ ആഭ്യന്തര തര്‍ക്കങ്ങള്‍ക്കിടയിലും, ബി.ജെ.പി നിയമസഭാ കക്ഷി നേതാവായി വി. മുരളീധരനെ കോര്‍ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു.
ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം.രാജീവ് ചന്ദ്രശേഖര്‍ നിയമസഭാ കക്ഷി നേതാവാകുമെന്ന സൂചനകള്‍ ശക്തമായിരുന്നെങ്കിലും, ഒരാള്‍ക്ക് ഒരേസമയം രണ്ട് പദവികള്‍ നല്‍കാനാവില്ലെന്ന ഭൂരിപക്ഷ നിലപാടാണ് രാജീവിന് തിരിച്ചടിയായത്.
നിയമസഭയില്‍ ഭരണപക്ഷത്തെ പിണറായി വിജയനോടും പ്രതിപക്ഷത്തെ വി.ഡി. സതീശനോടും ശക്തമായി മുട്ടിനില്‍ക്കാന്‍ വി. മുരളീധരനെപ്പോലെ രാഷ്ട്രീയ പരിചയസമ്പന്നനായ നേതാവിനേ സാധിക്കൂ എന്ന് യോഗത്തില്‍ ഭൂരിപക്ഷം നേതാക്കളും വാദിച്ചു.
രാജീവ് ചന്ദ്രശേഖറിനായി ഔദ്യോഗിക പക്ഷം പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, കേരളത്തിലെ നിയമസഭയ്ക്കുള്ളില്‍ മലയാളം നല്ല രീതിയില്‍ സംസാരിക്കേണ്ടതുണ്ടെന്നും രാഷ്ട്രീയ നിലപാടുകള്‍ ഉടനടി വ്യക്തമാക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി ഭൂരിപക്ഷ അഭിപ്രായം വി. മുരളീധരന്‍ പക്ഷം നേടിയെടുക്കുകയായിരുന്നു.
ബി.ജെ.പിക്ക് ശക്തമായ അടിത്തറയുള്ള കൊടുങ്ങല്ലൂരും തൃപ്പൂണിത്തുറയും ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കിയത് നേതൃത്വത്തിന്റെ ചരിത്രബോധമില്ലായ്മയില്‍ പിറന്ന ‘ആനമണ്ടത്തരം’ ആണെന്ന് അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ബലിനല്‍കിയ ബലിദാനികളെ അപമാനിക്കുന്നതിന് തുല്യമാണ് കൊടുങ്ങല്ലൂര്‍ സീറ്റ് ഘടകകക്ഷിക്ക് നല്‍കിയ നടപടി.
ബി.ജെ.പിക്ക് മുപ്പതിനായിരത്തോളം വോട്ടുകള്‍ ലഭിക്കുന്ന നാല്‍പ്പതോളം സീറ്റുകള്‍ ഘടകകക്ഷികള്‍ക്കും ദുര്‍ബലരായ സ്ഥാനാര്‍ത്ഥികള്‍ക്കുമായി വിട്ടുകൊടുത്തതിലൂടെ യു.ഡി.എഫിന് സ്വര്‍ണ്ണത്തളികയില്‍ അധികാരം വെച്ചുനീട്ടുന്ന സാഹചര്യമാണ് സംസ്ഥാന നേതൃത്വം ഉണ്ടാക്കിയതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.







