
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന ചർച്ചയില്‍ നടക്കുന്നത് ഉചിതമായ നടപടിക്രമമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് നേതൃത്വം തീരുമാനിച്ചാല്‍ ഇപ്പോള്‍ നടക്കുന്നത് തന്നെയാണ് ഉചിതമായ നടപടിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അസാധാരണത്വത്തില്‍ നിന്നും സാധാരണത്വത്തിലേക്ക് എത്തിക്കുകയെന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. ആ പ്രോസസ് ആണ് നടക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ഇത്ര വലിയ ജന പിന്തുണയോടെ ഫലം വരുമ്പോള്‍ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയുണ്ടാവും. എന്നാല്‍ കേരള ചരിത്രത്തിൽ ഇന്നേവരെ അങ്ങനെ തീരുമാനം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിന്റെ നടപടി ക്രമങ്ങള്‍ വളരെ കൃത്യമാണ്. അത് പൂര്‍ത്തിയാക്കാനായി കാത്തിരിക്കണം. കൂടുതല്‍ വ്യക്തത വേണമെന്ന് നേതൃത്വം തീരുമാനിച്ചാല്‍ ഇപ്പോള്‍ നടക്കുന്നത് തന്നെയാണ് ഉചിതമായ നടപടിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പ്രതിഷേധം ഉണ്ടായേക്കാമെന്ന ഭയംമൂലമാണോ തീരുമാനം വൈകുന്നതെന്ന ചോദ്യത്തോട് ‘ഭയപ്പെടുന്ന നേതൃത്വം അല്ല കോണ്‍ഗ്രസിന്റേത്. അത് തെളിയിച്ചതാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.






