Spread the love

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗളൂരു സന്ദർശനത്തോട് അനുബന്ധിച്ച്‌ നടത്തിയ സുരക്ഷാ പരിശോധനയ്‌ക്കിടെ സ്‌ഫോടകവസ്‌തുക്കള്‍ കണ്ടെത്തിയ നിർണായക വിവരങ്ങൾ പുറത്ത്.

video
play-sharp-fill

കനകപുര റോഡിലെ ആർട്ട് ഒഫ് ലിവിംഗ് ഫൗണ്ടേഷൻ ആശ്രമത്തില്‍ നടന്ന 45-ാം വാർഷികപരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി സഞ്ചരിക്കാനിരുന്ന വഴിയിലാണ് സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ റൂട്ട് സാനിറ്റൈസേഷൻ നടപടികള്‍ക്കിടെ കാർഡ്ബോർഡ് പെട്ടിക്കുള്ളില്‍ നിന്നും ജലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെത്തിയിരുന്നു. ഇതോടൊപ്പം ബാറ്ററികള്‍, വയറുകള്‍, സർക്യൂട്ടിനോട് സാമ്യമുള്ള ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തിയതോടെ ഇവ ഐഇഡി ബോംബ് രൂപത്തിലാക്കാൻ ശ്രമം നടന്നിരിക്കാമെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്കിടയില്‍ ശക്തമായി.

അതേസമയം, കണ്ടെത്തിയ ഉപകരണങ്ങള്‍ ഉടൻ പൊട്ടിത്തെറിക്കുന്ന നിലയിലായിരുന്നില്ലെന്ന് അന്വേഷണവൃത്തങ്ങള്‍ വ്യക്തമാക്കി. അതിനാല്‍ യഥാർത്ഥത്തില്‍ ഒരു സ്‌ഫോടനം നടത്തുന്നതിലുപരി ഭീതി പടർത്തി പ്രധാനമന്ത്രിയുടെ പരിപാടി റദ്ദാക്കാനാണോ ഇതിന് പിന്നില്‍ പ്രവർത്തിച്ചവർ ലക്ഷ്യമിട്ടതെന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടി നടന്ന ദിവസംതന്നെ കൊരമംഗല പൊലീസ് സ്റ്റേഷനിലേക്ക് ഭീഷണി കോളുകള്‍ എത്തിയിരുന്നു. എച്ച്‌എഎല്‍ വിമാനത്താവളത്തിനും ആർട്ട് ഒഫ് ലിവിംഗ് ആശ്രമത്തിനും സമീപം സ്‌ഫോടനം നടത്തുമെന്ന് ഫോണില്‍ പറഞ്ഞതായാണ് വിവരം. ഉടൻ തന്നെ ഭീഷണിസന്ദേശം നല്‍കിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇതിന് പിന്നാലെ എച്ച്‌എഎല്‍ പ്രദേശത്തും പരിപാടി നടന്ന വേദിയിലും പൊലീസ് സുരക്ഷ ശക്തമാക്കി. എന്നാല്‍ പിടിയിലായ വ്യക്തിയും പൊലീസ് കണ്ടെത്തിയ സ്ഫോടകവസ്‌തുക്കളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. കർണാടക പൊലീസിന് പുറമെ നാഷണല്‍ ഇൻവസ്റ്റിഗേഷൻ ഏജൻസിയും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.