Spread the love

കൊച്ചി: നിയമം കാക്കേണ്ട പൊലീസ് യൂണിഫോം മറയാക്കി ലഹരിമരുന്ന് കേസിൽ കുടുക്കുമെന്ന ഭീഷണിയിലൂടെ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയും ഡോക്ടറിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്തെന്ന അതീവ ഗുരുതര ആരോപണങ്ങളിൽ എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ എച്ച്. മുജീബിനെതിരെ കേസ്. പരാതികളിൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ ആരോപണങ്ങൾക്ക് ശക്തമായ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ മുജീബിനെ സസ്പെൻഡ് ചെയ്തു. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായും പൊലീസ് അറിയിച്ചു.

video
play-sharp-fill

തൃശൂർ സ്വദേശിനിയായ യുവതിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. എളമക്കര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രാസലഹരി കേസിൽ പ്രതിയാക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് എസ്‌ഐ യുവതിയെ നിരന്തരം സമ്മർദത്തിലാക്കിയത്. കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന പേരിൽ ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. ഭീഷണിയും സമ്മർദവും അതിരുവിട്ടതോടെയാണ് യുവതി തൃശൂർ വെസ്റ്റ് പൊലീസിനെ സമീപിച്ചത്. പിന്നീട് പരാതി എളമക്കര പൊലീസിന് കൈമാറുകയായിരുന്നു.

യുവതിയുടെ പരാതിക്ക് പിന്നാലെ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ഡോ. സജിത്ത് ഏബ്രഹാമും സമാന ആരോപണവുമായി രംഗത്തെത്തി. ലഹരിക്കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി മുഴക്കി 2025 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 16 വരെ വിവിധ ഘട്ടങ്ങളിലായി ഒന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഡോക്ടറുടെ പരാതി. പൊലീസ് ഉദ്യോഗസ്ഥന്റെ ഭീഷണിയിൽ ഭയന്നാണ് പണം നൽകിയതെന്നും പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരേ ഇത്തരത്തിലുള്ള ഗുരുതര ആരോപണങ്ങൾ ഉയർന്നത് പൊലീസ് സംവിധാനത്തേക്കുതന്നെ വലിയ നാണക്കേടായിരിക്കുകയാണ്. പരാതിക്കാരുടെ മൊഴികളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഉൾപ്പെടെ വിശദമായ തെളിവുകൾ പൊലീസ് ശേഖരിച്ചുവരികയാണ്.