play-sharp-fill
ഇനി തിരുവനന്തപുരം – കാസർഗോട് നാല് മണിക്കൂർ  ; കേരളത്തിന്റെ അതിവേഗ റെയിൽ പാതയ്ക്ക് മൂന്നാഴ്ചക്കകം കേന്ദ്രാനുമതി

ഇനി തിരുവനന്തപുരം – കാസർഗോട് നാല് മണിക്കൂർ ; കേരളത്തിന്റെ അതിവേഗ റെയിൽ പാതയ്ക്ക് മൂന്നാഴ്ചക്കകം കേന്ദ്രാനുമതി

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരത്തെ നാലുമണിക്കൂറിൽ കാസർകോട്ടുമായി ബന്ധിപ്പിക്കുന്ന സെമി-ഹൈസ്പീഡ് റെയിൽവേ പദ്ധതിക്ക് മൂന്നാഴ്ചയ്ക്കകം കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കും. റെയിൽവേ മന്ത്രാലയവും റെയിൽവേ ബോർഡും താത്പര്യം കാട്ടുന്ന പദ്ധതിയുടെ പഠനറിപ്പോർട്ടും അലൈൻമെന്റും സംസ്ഥാനസർക്കാർ അംഗീകരിച്ച് റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചു. പദ്ധതിക്ക് 6000 കോടിയുടെ ഓഹരിയും സാങ്കേതികസഹായവും റെയിൽവേ വാഗ്ദാനംചെയ്തു. കേന്ദ്രാനുമതി ലഭിച്ചാലുടൻ സ്ഥലമെടുപ്പ് തുടങ്ങും. ജി.എസ്.ടി ഇനത്തിൽ നൽകേണ്ട 3000 കോടിയും റെയിൽവേ തിരികെനൽകി, പദ്ധതി നടത്തിപ്പിനുള്ള കമ്പനിയിൽ ഓഹരിയായി നിക്ഷേപിക്കും. 56,442 കോടിയാണ് പദ്ധതി ചെലവ്. 5 വർഷംകൊണ്ട് പദ്ധതി പൂർത്തിയാവുമ്പോൾ ഇത് 65,000 കോടിയായി ഉയരാം.

കേന്ദ്ര ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പിന്റെ ഔദ്യോഗിക പരിപാടിയിൽ കേരളത്തിന്റെ സെമി-ഹൈസ്പീഡ് റെയിൽവേ പദ്ധതി ഉൾപ്പെടുത്തിയതോടെ, ജപ്പാൻ ഏജൻസിയായ ജൈക്കയുടെ വായ്പ വേഗത്തിൽ ലഭിക്കും. പദ്ധതിക്ക് 35000 കോടിയിലേറെ വിദേശവായ്പ വേണ്ടിവരും. ജൈക്കയ്ക്ക് പരിധിയില്ലാതെ വായ്പനൽകാം. 0.2 മുതൽ ഒരുശതമാനം വരെയാണ് അവരുടെ പലിശ. 50 വർഷംവരെ തിരിച്ചടവ് കാലാവധിയും 10 വർഷം മോറട്ടോറിയവും കിട്ടും. പക്ഷേ, ട്രെയിനിന്റെ കോച്ചുകളും സിഗ്‌നൽസംവിധാനവുമടക്കം ജപ്പാൻ കമ്പനികളിൽ നിന്ന് വാങ്ങണമെന്ന് ജൈക്ക നിബന്ധനവച്ചേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവംബറിൽ ഡി.പി.ആർ തയ്യാറാവും. ഹെലികോപ്ടറും ഡ്രോണുകളുമുപയോഗിച്ചുള്ള അതിവേഗസർവേ ഉടനുണ്ടാവും. 1226.45 ഹെക്ടർ ഭൂമിയേറ്റെടുക്കാൻ 8000 കോടി സംസ്ഥാനം മുടക്കണം. ജനവാസം ഏറ്റവും കുറഞ്ഞ സ്ഥലങ്ങളിലൂടെയാണ് പുതിയ റെയിൽവേപാത. ഇരുവശവും സർവീസ് റോഡുകളുള്ളതിനാൽ ഉൾപ്രദേശങ്ങൾ വികസിക്കും. 11,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ ഭൂമി വിട്ടുനൽകുന്നവർക്കും ഗുണകരമാണ്. തിരുവനന്തപുരം മുതൽ തിരുനാവായ വരെ പുതിയ അലൈൻമെന്റിൽ 600 മീറ്റർ വീതിയിൽ ഗ്രീൻഫീൽഡ് പാതയുണ്ടാക്കണം. തിരൂർ മുതൽ കാസർകോട് വരെ നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമായാണ് പുതിയപാത.

ഇതാണ് പദ്ധതി

തിരുവനന്തപുരം – കാസർഗോട് 531 കിലോമീറ്ററിൽ രണ്ട് റെയിൽ പാതകൾ
വേഗം മണിക്കൂറിൽ 180-200 കിലോമീറ്റർ
75 പേർക്ക് യാത്രചെയ്യാവുന്ന ഒമ്പത് കോച്ചുകളുണ്ടാവും
സംസ്ഥാനം മുടക്കേണ്ടത്
ഓഹരി – 6000 കോടി
ഭൂമിക്ക് – 8000 കോടി
റെയിൽവേ നൽകുന്നത്
ഓഹരി 600 കോടി
26 %
ഓഹരി റെയിൽവേയും സംസ്ഥാനവും പങ്കിടും
74 %
ഓഹരി വിദേശവായ്പയടക്കം പൊതുവിപണിയിൽ നിന്നും

തലമുറകൾക്ക് ഉപകാരപ്പെടുന്ന, കേരളത്തിന്റെ അഭിമാന പദ്ധതിയാണിത്. മുഖ്യമന്ത്രി പിണറായിവിജയൻ ഡൽഹിയിൽ ചെലുത്തിയ സമ്മർദ്ദങ്ങൾക്കൊടുവിലാണ് കാര്യങ്ങൾ ഇത്രത്തോളമായത്.”

ജി.സുധാകരൻ
പൊതുമരാമത്ത് മന്ത്രി