Spread the love

കൊച്ചി: കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമക്കേസ്. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്മാനെതിരെയാണ് കേസ്.

video
play-sharp-fill

പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരു ഡോക്ടറെ ലഹരിക്കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് പരാതികളിലും പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷമാണ് ഈ ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരിക്കുന്നത്.

പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ ശല്യപ്പെടുത്തിയെന്നാണ് ആദ്യ കേസ്. പരാതിയുമായി വന്നപ്പോള്‍ യുവതിയുടെ നമ്പര്‍ കിട്ടിയതോടെ ഇയാള്‍ നിരന്തരം വിളിച്ചും സന്ദേശങ്ങള്‍ അയച്ചും ശല്യപ്പെടുത്തി. യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചു. ഇത് യുവതി നിരസിച്ചതോടെ കേസില്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭയപ്പെടുത്താന്‍ ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ ഉദ്യോഗസ്ഥനെതിരെ പത്തനംതിട്ടയിലെ ഒരു ഡോക്ടര്‍ നല്‍കിയ പരാതിയിലും ഇപ്പോള്‍ കേസെടുത്തിട്ടുണ്ട്. ഒരു ലഹരിക്കേസിലെ പ്രതികളുടെ മൊബൈല്‍ ഫോണില്‍ ഇയാളുടെ ഫോണ്‍ നമ്പര്‍ കണ്ടെന്നും കേസില്‍ നിന്ന് ഊരിപ്പോകണമെങ്കില്‍ കൈക്കൂലി നല്‍കണമെന്നുമാണ് മുജീബ് ഡോക്ടറോട് പറഞ്ഞത്. ഒന്നര ലക്ഷം രൂപ കൈക്കൂലിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാന്‍ നിരസിച്ചതോടെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മുജീബ് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.