
ന്യൂഡൽഹി: ദേശീയഗാനമായ ‘ജനഗണമന’യ്‌ക്ക് തുല്യമായ പദവി ‘വന്ദേമാതര’ത്തിനും നല്‍കാനുള്ള ചരിത്രപരമായ തീരുമാനവുമായി കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക നീക്കം.
രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും നിയമസംവിധാനവും കൂട്ടിയിണക്കുന്നതാണ് പുതിയ ഭേദഗതി. പുതിയ നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ വന്ദേമാതരത്തെ മനഃപൂർവ്വം അപമാനിക്കുകയോ, ഗാനം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാകും. ഇതില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. കുറ്റം ആവർത്തിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷമെങ്കിലും തടവ് ശിക്ഷ ഉറപ്പാക്കുന്ന കർശന വ്യവസ്ഥകളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വന്ദേമാതരത്തെ അപമാനിക്കുന്നത് ശിക്ഷാർഹമായ കുറ്റമാക്കാൻ 1971-ലെ ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയല്‍ നിയമത്തില്‍ ഭേദഗതി വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബങ്കിം ചന്ദ്ര ചാറ്റർജി ഈ ഗാനം രചിച്ചതിന്റെ 150-ാംവാർഷികത്തോടനുബന്ധിച്ചാണ് ഈ നടപടി എന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച വന്ദേമാതരത്തിന് അർഹമായ നിയമപരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ പാർലമെന്റില്‍ നടന്ന പ്രത്യേക ചർച്ചയില്‍ വന്ദേമാതരം കാലങ്ങളായി അവഗണിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് വേളയില്‍ ബംഗാളി വികാരത്തിന്റെയും ദേശീയതയുടെയും പ്രതീകമായി ബിജെപി ഈ ഗാനത്തെ ഉയർത്തിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിയമപരമായ നടപടികളിലേക്ക് സർക്കാർ കടന്നിരിക്കുന്നത്.







