
കോട്ടയം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേതു പോലെ ഒരു മിനി കാബിനറ്റ് കൂടാനുള്ള മന്ത്രിമാര്‍ ഇത്തവണ ജില്ലയില്‍ നിന്നുണ്ടാകുമോ?.
ഉമ്മന്‍ചാണ്ടിയ്ക്കു പുറമേ മന്ത്രിമാരായി കെ.എം.മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചീഫ് വിപ്പായി പി.സി. ജോര്‍ജുമുണ്ടായിരുന്നു. ജില്ലക്കാരനും ഇരിക്കൂര്‍ എം.എല്‍.എയുമായിരുന്ന കെ.സി. ജോസഫും അന്ന് മന്ത്രിയായി. ഇത്തവണ മൂന്നു മുതല്‍ നാലു വരെ മന്ത്രി സ്ഥാനങ്ങള്‍ ഉറപ്പാണെന്നാണു യു.ഡി.എഫ്. കേന്ദ്രങ്ങള്‍ പറയുന്നത്.
നിയമസഭയില്‍ കോണ്‍ഗ്രസിലെ സീനിയര്‍ നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ശ്രദ്ധേയ വകുപ്പിലെ മന്ത്രി സ്ഥാനം ഉറപ്പാണ്. ആഭ്യന്തരം,റവന്യൂ, വനം, ഗതാഗത വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുള്ള അനുഭവ പരിചയവും കരുത്താകും. നിയമസഭയില്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ പഠിച്ചു കൈകാര്യം ചെയ്യാനുള്ള കഴിവും സംഘടനാ പാരമ്പര്യവും തിരുവഞ്ചൂരിന്റെ മന്ത്രിസ്ഥാനം എളുപ്പമാക്കും.
പി.ജെ. ജോസഫിന്റെ അഭാവത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട മോന്‍സ് ജോസഫും മന്ത്രിയാകുമെന്ന് ഉറപ്പായി. വി.എസ്. അച്യൂതാനന്ദന്‍ മന്ത്രിസഭയില്‍ ചെറിയ കാലയളവ് പൊതുമരാമത്ത് മന്ത്രിയായിട്ടുണ്ട്. ഏഴാം തവണയാണു നിയമസഭയിലേക്കുള്ള വിജയമെന്നതും കേരളാ കോണ്‍ഗ്രസിന് ഏഴു സീറ്റുകള്‍ ലഭിച്ചുവെന്നതും മോന്‍സിന്റെ മന്ത്രി സ്ഥാനത്തേയ്ക്കുള്ള യാത്ര എളുപ്പമാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റ കക്ഷി എം.എല്‍.എയായ മാണി സി. കാപ്പനും മന്ത്രി പദവി ലഭിച്ചേക്കുമെന്നാണു സൂചന. കോണ്‍ഗ്രസിന് അറുപതിലേറെ അംഗങ്ങള്‍ ജയിച്ചുവന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് മന്ത്രി സ്ഥാനം നല്‍കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ മാത്രമേ കാപ്പനുള്ള മന്ത്രി സ്ഥാനം തടസപ്പെടൂ. ടേം വ്യവസ്ഥയില്ലെങ്കിലും കാപ്പനെ മുന്നണി പരിഗണിച്ചേക്കും.പാലാ പോലുള്ള മണ്ഡലത്തില്‍ മൂന്നാം തവണയും ജയിച്ചതിനാല്‍ കാപ്പനെ വേഗത്തില്‍ തള്ളാനും യു.ഡി.എഫിനു കഴിയില്ല. ചാണ്ടി ഉമ്മനും മന്ത്രി സഭയില്‍ ഇടംപിടിക്കുമെന്ന സൂചനകളുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ മകന്‍, ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ, പുതുപ്പള്ളിയിലെ വന്‍ വിജയം, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വ്യത്യസ്ത തുടങ്ങിയ ഒട്ടേറെ കാരണങ്ങള്‍ ചാണ്ടി ഉമ്മന് അനുകൂലമാണ്. രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പവും ഗുണകരമായേക്കും.







