
സിപിഐഎം വോട്ട് മറിച്ച് തന്നുവെന്ന് ബംഗാളിലെ മുതിര്‍ന്ന ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. ബംഗാളില്‍ മമതയെ തോല്പിക്കാന് സിപിഐഎം ബിജെപിക്ക് വോട്ട് മറിച്ചു. ഭവാനിപൂരില്‍ തന്നെ ജയിപ്പിച്ചത് സിപിഐഎം വോട്ടര്‍മാരാണ്. സിപിഐഎമ്മിന്റെ ശക്തരായ എല്ലാ അനുയായികളും തനിക്ക് വോട്ട് ചെയ്തു. ഭവാനിപൂരില്‍ 10,000 വോട്ടുകളെങ്കിലും തനിക്ക് നല്കി. സിപിഐഎമ്മിലെ വോട്ടര്‍മാരോട് നന്ദി അറിയിക്കുന്നുവെന്നും സുവേന്ദു അധികാരി പറഞ്ഞു. അതേസമയം ബംഗാളില്‍ ബിജെപി മുന്നേറ്റത്തോടെ മമതയുടെ കസേരയില്‍ ഇനി ആര് ഇരിക്കുമെന്ന ആകാംക്ഷയാണ് നിലനില്‍ക്കുന്നത്. 200ലധികം സീറ്റുകള്‍ നേടി പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തുമെന്ന മമത ബാനര്‍ജിയുടെ ആത്മവിശ്വാസം തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ബിജെപി അധികാരത്തിലേക്ക് എത്തുന്നത്. പിന്നാലെ ബംഗാളില്‍ ആരാകും ബിജെപിയുടെ മുഖ്യമന്ത്രി എന്ന ചര്‍ച്ചയും സജീവമായിരിക്കുകയാണ്.
കേന്ദ്രത്തിലും രാജ്യത്തെ പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ എത്തിയെങ്കിലും ബംഗാളില്‍ അധികാരം പിടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ബിജെപി. ഇപ്പോള്‍ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചതിന് പിന്നാലെ ഡല്‍ഹിയിലേതിന് സമാനമായി ഇവിടെയും വനിതാ നേതാവാകും മുഖ്യമന്ത്രി എന്ന നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സുവേന്ദു അധികാരി മമതയുമായി ഏറ്റവും അടുപ്പമുള്ള ടിഎംസി നേതാവായിരുന്നു. പിന്നീട് ബിജെപിയിലെത്തി അദ്ദേഹം രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മമതയെ മത്സരിച്ച് തോല്‍പ്പിച്ചു. 2021ല്‍ നന്ദിഗ്രാമിലും 2026ല്‍ ഭവാനിപൂരിലും മമതയെ അടിയറവ് പറയിച്ചു. അടിത്തട്ടില്‍ പ്രവര്‍ത്തനം നടത്തി സംഘടനാ മികവിലൂടെയാണ് സുവേന്ദുവിന്റെ പ്രവര്‍ത്തനം.






