Spread the love

തിരുവനന്തപുരം: സമീപകാലത്തൊന്നും ഇടതുപക്ഷം നേരിട്ടിട്ടില്ലാത്ത തരം തിരിച്ചടിയാണ് ഇക്കുറി കേരളത്തില്‍ സംഭവിച്ചത്.
പിണറായി വിജയന്റെ ധാർഷ്ട്യവും സർക്കാരിന്റെ ധൂർത്തും മുതല്‍ പാർട്ടിക്കുള്ളിലെ അസ്വാരസ്യം വരെ സിപിഎമ്മിന്റെ പരാജയത്തിന് കാരണമായെന്ന വാദം ഉയരുന്നുണ്ട്. എന്നാല്‍, ഇടതുമുന്നണിയുടെ ദയനീയ പരാജയത്തിന് ആക്കംകൂട്ടിയത് ഒരേയൊരു സമുദായ നേതാവാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടതുമുന്നണിയെ സഹായിക്കാനെന്ന രീതിയില്‍ നടത്തിയ പല പ്രസ്താവനകളും മുന്നണിക്ക് തന്നെ വിനയാകുകയായിരുന്നു. മുസ്ലീം സമുദായത്തിനെതിരെ വെള്ളാപ്പള്ളി നിരന്തരം വിദ്വേഷ പ്രസ്താവനകള്‍ ഇറക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും കുറ്റകരമായ മൗനത്തിലായിരുന്നു. ഇതോടെ, ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന മുസ്ലീങ്ങള്‍ പോലും സിപിഎമ്മില്‍ നിന്നും അകന്നു.

video
play-sharp-fill

എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍, സമുദായ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനെന്ന ലക്ഷ്യത്തോടെ മകനെ മുന്നില്‍ നിർത്തി ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാർട്ടിയും വെള്ളാപ്പള്ളി നടേശൻ രൂപീകരിച്ചിരുന്നു. എന്നാല്‍, കേരള രാഷ്ട്രീയത്തില്‍ സ്വതന്ത്ര സ്വാധീനം ഉറപ്പിക്കാനോ നിർണായക ശക്തിയായി വളരാനോ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. ബിഡിജെഎസ് ബിജെപി സഖ്യകക്ഷിയായി തുടരുമ്പോഴാണ് വെള്ളാപ്പള്ളി നടേശന്റെ നാവ് പിണറായി വിജയന് വേണ്ടി നിരന്തരം പിആർ വർക്ക് ചെയ്തത്.
സുകുമാർ അഴീക്കോട് ഒരിക്കല്‍ വെള്ളാപ്പള്ളിയെ “എസ്.എൻ.ഡി.പി യോഗം എന്ന ചന്ദനമരത്തില്‍ ചുറ്റിവരിഞ്ഞ വിഷസർപ്പം” എന്ന് വിശേഷിപ്പിച്ചിരുന്നു. കാലക്രമേണ വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ വിവാദങ്ങള്‍ക്കാണ് കൂടുതല്‍ വഴിവച്ചത്. കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളെയും സമുദായങ്ങളെയും രൂക്ഷമായി വിമർശിച്ച വെള്ളാപ്പള്ളി, അടുത്തിടെ പ്രത്യേകിച്ച്‌ മുസ്ലിം സമുദായത്തെയും മലപ്പുറത്തെയും നിരന്തരം കുറ്റപ്പെടുത്തി.

മലപ്പുറത്ത് മറ്റു സമുദായങ്ങള്‍ക്ക് ജീവിക്കാൻ കഴിയുന്നില്ലെന്ന പരാമർശവും, എസ്.എൻ.ഡി.പി യോഗത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിക്കാത്തതിന് മുസ്ലിം ലീഗാണ് കാരണമെന്ന ആരോപണവും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. എന്നാല്‍, മുൻ എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറി കെ. ഗോപിനാഥൻ തന്റെ ആത്മകഥയില്‍ വ്യത്യസ്തമായ അനുഭവങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്. കെ. കരുണാകരൻ മുഖ്യമന്ത്രിയും ഇ. ടി. മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കാലത്ത് എസ്.എൻ.ഡി.പി യോഗത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിന് അപേക്ഷ സമർപ്പിക്കാതെയാണ് അനുമതി നിഷേധിക്കപ്പെട്ടതെന്ന തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, വ്യക്തമായ അടിസ്ഥാനമില്ലാത്ത പ്രസ്താവനകളിലൂടെ ഒരു സമുദായത്തെയും അതിന്റെ രാഷ്ട്രീയ പ്രതിനിധികളെയും ലക്ഷ്യമിട്ടുവെന്ന വിമർശനം ശക്തമായി.

വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ സമൂഹത്തില്‍ സമുദായ സ്പർധ വർധിപ്പിച്ചുവെന്നും, വിവിധ വിഭാഗങ്ങളിലെ ജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചുവെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സാമുദായിക സൗഹൃദം നിലനില്‍ക്കുന്ന കേരളത്തില്‍ ഇത്തരം പരാമർശങ്ങള്‍ പൊതുസമൂഹം തള്ളിക്കളഞ്ഞുവെന്നാണ് വിലയിരുത്തല്‍. വിവാദമായ മലപ്പുറം പ്രസംഗത്തെ തുടർന്ന് പോലും പിണറായി വിജയൻ ഉള്‍പ്പെടെയുള്ള സിപിഎം നേതൃത്വം വെള്ളാപ്പള്ളിയെ പരസ്യമായി തള്ളിപ്പറയാതിരുന്നതും വിമർശനങ്ങള്‍ക്ക് ഇടയാക്കി. ഇത് പാർട്ടിക്കുള്ളിലും ന്യൂനപക്ഷ വിഭാഗങ്ങളിലുമുള്ള അസ്വസ്ഥത വർധിപ്പിച്ചുവെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
സാമുദായിക വിഷയങ്ങളിലെ ഈ സമീപനം സർക്കാരിനെതിരായ പൊതുവികാരത്തെ കൂടുതല്‍ ശക്തമാക്കാൻ കാരണമായതായും, അതിന്റെ പ്രതിഫലനം നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ വ്യക്തമായി പ്രകടമായതായും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വിവിധ സമുദായങ്ങളിലെയും സാധാരണ വോട്ടർമാരിലെയും ഈ വിരുദ്ധ വികാരം സംസ്ഥാനമൊട്ടാകെ വ്യാപിച്ചതിന്റെ തെളിവായാണ് യു.ഡി.എഫിന്റെ വലിയ വിജയത്തെ വിലയിരുത്തുന്നത്.

ഭൂരിപക്ഷ പ്രീണനത്തിലൂടെ അധികാരം നിലനിർത്താം എന്നായിരുന്നു പിണറായിയുടെയും കൂട്ടരുടെയും ചിന്ത. എന്നാല്‍, ന്യൂനപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തിനെതിരായി കേന്ദ്രീകരിച്ചപ്പോള്‍ ശബരിമല സ്വർണക്കൊള്ള ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ഭൂരിപക്ഷ സമുദായങ്ങളിലും സിപിഎം വിരുദ്ധ വികാരം വളരാൻ ഇടയാക്കി. ഹിന്ദുപ്രീണനം എന്ന നിലപാടിലേക്ക് സിപിഎം വ്യതിചലിച്ചതോടെ അടിയുറച്ച കമ്മ്യൂണിസ്റ്റുകള്‍ക്കും സർക്കാരിനോടും പാർട്ടി നേതൃത്വത്തോടും അകല്‍ച്ച രൂപപ്പെട്ടു.