
നാളത്തെ പുലരി വിരിയുന്നത് കേരളം കാത്തിരിക്കുന്ന ഒരു വിധിയിലേക്കാണ്. 10 വർഷത്തെ ഇടത് ഭരണം ഇനിയും തുടരുമോ? അതോ വിജയക്കൊടി പാറിച്ച് യുഡിഎഫ് വീണ്ടും അധികാരക്കസേരയിലേക്ക് കയറുമോ? കഴിഞ്ഞ തിരഞ്ഞെടുപ്പുകളേക്കാൾ മുന്നേറ്റം എൻഡിഎ നടത്തുമോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് കേരളക്കരയുടെ മനസിലുള്ളത്. എക്‌സിറ്റ് പോളുകള്‍ പ്രവചനങ്ങളുടെ പെരുമഴ തീര്‍ക്കുമ്പോഴും അടിയൊഴുക്കുകളില്‍ പ്രകടമായ ഭരണവിരുദ്ധ വികാരം ഇടതുകോട്ടകളില്‍ നേരിയ ആശങ്ക പടര്‍ത്തുന്നുണ്ട്. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് തുടര്‍ച്ചയുണ്ടാകുമോ അതോ ‘കപ്പിത്താന്‍’ കപ്പലില്‍ നിന്ന് വീഴുമോ എന്ന ചോദ്യത്തിന് നാളെ ഉച്ചയോടെ ഉത്തരമാകും.
കഴിഞ്ഞ ദിവസം എക്സിറ്റ് പോളുകൾ പുറത്തുവന്നപ്പോൾ മുതൽ യുഡിഎഫ് വളരെയധികം ആത്മവിശ്വാസത്തിലാണ്. അധികാരത്തിൽ തിരികെയെത്താനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്ന വിശ്വാസത്തിൽ തന്നെയാണ് നേതാക്കൾ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കസേരക്കായുള്ള പിടിവലിയും രൂക്ഷമായി തുടരുകയാണ്. എക്‌സിറ്റ് പോളുകളില്‍ ബഹുഭൂരിപക്ഷവും യുഡിഎഫിന് നേരിയ മുന്‍തൂക്കം നല്‍കുമ്പോഴും മാന്ത്രിക സംഖ്യയായ 70 കടക്കാന്‍ ഇരുമുന്നണികളും കിതയ്ക്കുമെന്ന സൂചനകള്‍ ‘തൂക്കുസഭ’ എന്ന സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു. 90 സീറ്റെന്ന സുരക്ഷിത ഭൂരിപക്ഷം ആര്‍ക്കും പ്രവചിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍, നേരിയ ഭൂരിപക്ഷത്തില്‍ ആര് അധികാരത്തിലെത്തിയാലും അത് കേരള രാഷ്ട്രീയത്തിലെ പുതിയൊരു ബലാബലത്തിന്റെ തുടക്കമാകും.
ശബരിമലയും ന്യൂനപക്ഷ ഏകീകരണവുമെല്ലാം എൽഡിഎഫിന്റെ നിറം മങ്ങാൻ കരണമായപ്പോൾ യുഡിഎഫിന് അത് കരുത്ത് പകരുന്ന ഘടകങ്ങളായി. പൗരത്വ നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടത് സ്വീകരിച്ച നിലപാടുകള്‍ക്ക് അപ്പുറം, ഭരണമാറ്റമെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വിശ്വാസ സംരക്ഷണത്തിനായി യുഡിഎഫ് നടത്തിയ നീക്കങ്ങള്‍ ഹൈന്ദവ വോട്ടുകളിലും വിള്ളലുണ്ടാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വിഹിതം 17 ശതമാനത്തിന് മുകളിലേക്ക് പോവുകയും ഒന്നിലധികം സീറ്റുകള്‍ നേടുകയും ചെയ്താല്‍ അത് ഇരുമുന്നണി സംവിധാനത്തിന്റെയും അടിവേരറുക്കും. കേരളത്തിന്റെ ഹൃദയമായ തിരുവനന്തപുരം കോർപറേഷൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്തതോടെ നിയമസഭാ തിരഞ്ഞെടുപ്പിലും അവരുടെ കരുത്ത് വർധിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. വോട്ട് വിഹിതത്തിലെ ഈ മാറ്റം ഇടതുപക്ഷത്തിന്റെയോ വലതുപക്ഷത്തിന്റെയോ വിജയത്തെ അട്ടിമറിക്കാന്‍ പ്രാപ്തമാണ്. വോട്ടുകള്‍ പല തട്ടുകളിലായി ഭിന്നിച്ചു പോയാല്‍ അത് കേരളത്തെ ഒരു തൂക്കുസഭയുടെ അനിശ്ചിതത്വത്തിലേക്കാകും നയിക്കുക. എന്തായാലും നാളെ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് ഒരു പുതിയ രാഷ്ട്രീയ അധ്യായത്തിനാകുമെന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല. ജനഹിതം ആരുടെ അടിവേരിറക്കുമെന്ന് കാത്തിരുന്നറിയാം.







