
അഹമ്മദാബാദ്: 1992ലാണ് ഫർസാന എന്ന ഷബ്‌നത്തെ അഹമ്മദാബാദിലെ തെരുവുകളില്‍ നിന്നും കാണാതാകുന്നത്. ആരും അവളെ അന്വേഷിച്ചില്ല, പൊലീസ് സ്റ്റേഷനില്‍ ഒരു തിരോധാന പരാതി പോലും ഫയല്‍ ചെയ്യപ്പെട്ടില്ല.
ലോകം അവളെ മറന്നപ്പോഴും, വത്വയിലെ കുത്തുബ് നഗർ ലെയ്ൻ നമ്പർ 3ലെ ഒരു വീടിന്റെ തറയ്ക്കടിയില്‍, ഇരുണ്ടതും തണുത്തതുമായ ഒരു പഴയ ഡ്രെയിനേജ് കുഴിയില്‍ അവള്‍ നിശബ്ദമായി ഉറങ്ങുകയായിരുന്നു. ഒരു ‘പെർഫെക്റ്റ് ക്രൈം’ ചെയ്തു എന്ന് വിശ്വസിച്ച്, ആ വീടിന്റെ ഉടമസ്ഥനായ ഷംസുദ്ദീൻ ആ രഹസ്യത്തിന് മുകളില്‍ തന്റെ ജീവിതം പടുത്തുയർത്തി. ഒരു തെളിവും അവശേഷിപ്പിക്കാതെ അയാള്‍ ആ രഹസ്യം കാത്തുസൂക്ഷിച്ചു. അങ്ങനെ കാലം മുമ്പോട്ട് കുതിച്ചു, 34 വർഷങ്ങള്‍ കടന്നുപോയി.
എത്ര ആഴത്തില്‍ കുഴിച്ചുമൂടിയാലും സത്യം എന്നെങ്കിലും ഒരിക്കല്‍ പുറത്തുവരും എന്നത് വെറുമൊരു പഴഞ്ചൊല്ല് മാത്രമല്ലെന്ന് ആ കുടുംബം തിരിച്ചറിയാൻ തുടങ്ങുകയായിരുന്നു. വർഷങ്ങള്‍ക്ക് ശേഷം, ഷംസുദ്ദീന്റെ കുടുംബാംഗങ്ങളെ ഒരു അദൃശ്യ സാന്നിധ്യം വേട്ടയാടാൻ തുടങ്ങി. കൊല്ലപ്പെട്ട ഫർസാനയുടെ രൂപം വീടിനുള്ളില്‍ തങ്ങളെ തുറിച്ചുനോക്കുന്നതായി അവർക്ക് അനുഭവപ്പെട്ടു. ഭയം അവരുടെ ഉറക്കം കെടുത്തി. ഈ മാനസിക വിഭ്രാന്തിയില്‍ നിന്നും ‘പ്രേതബാധ’യില്‍ നിന്നും രക്ഷപ്പെടാൻ അവർ മന്ത്രവാദികളെയും ആഭിചാര കർമങ്ങളെയും തേടിയിറങ്ങി. എന്നാല്‍, തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം തേടിയുള്ള ആ യാത്ര ചെന്നവസാനിച്ചത് ക്രൈംബ്രാഞ്ചിന്റെ കാതുകളിലാണ്.
മന്ത്രവാദികളുടെ ഇടയില്‍ നിന്നും ലഭിച്ച രഹസ്യ വിവരങ്ങള്‍ വെച്ച് ക്രൈംബ്രാഞ്ച് ഡിസിപി അജിത് രാജിയന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒടുവില്‍ 2026 ഏപ്രില്‍ മാസത്തിലെ ഒരു ബുധനാഴ്ച, പൊലീസും എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റും ഫോറൻസിക് ഉദ്യോഗസ്ഥരും ആ പഴയ വീടിന് മുന്നിലെത്തി. പിന്നീട് അവിടെ നടന്നത് സിനിമകളെ വെല്ലുന്ന കാഴ്ചകളായിരുന്നു. വലിയൊരു എക്സ്കവേറ്റർ ആ വീടിന്റെ തറയും ഭിത്തികളും ഇടിച്ചുനിരത്തി. പഴയകാലത്തെ ‘ഖാർക്കുവ’എന്ന് വിളിക്കപ്പെടുന്ന ഡ്രെയിനേജ് കുഴിയിലെ മണ്ണ് തുരന്നു. പച്ച വലകള്‍ കെട്ടിയുണ്ടാക്കിയ മറയ്ക്കുള്ളില്‍ ഫോറൻസിക് വിദഗ്ധർ മണ്ണും പൊടിയും അരിച്ചെടുത്തു. ഒടുവില്‍, 34 വർഷങ്ങള്‍ക്ക് ശേഷം ഫർസാനയുടെ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍, ചില എല്ലിൻ കഷ്ണങ്ങളും പല്ലുകളും മുടിയും ആ മണ്ണില്‍ നിന്നും അവർ കണ്ടെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സംഭവവികാസങ്ങള്‍ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ഷബീർ ഖാനെയും ഭാര്യ സൈറാബാനുവിനെയുമാണ്. വർഷങ്ങള്‍ക്ക് മുൻപ് യഥാർഥ ഉടമസ്ഥയുടെ മകളില്‍ നിന്നും ഈ വസ്തുവിന്റെ പകുതി ഭാഗം ഇവർ വാങ്ങിയിരുന്നു. തങ്ങള്‍ കിടന്നുറങ്ങുന്നതിന് തൊട്ടപ്പുറത്ത്, ഒരു ഭിത്തിക്കപ്പുറം ഇത്രയും വലിയൊരു കൊലപാതക രഹസ്യം ഉറങ്ങുന്നുണ്ടായിരുന്നു എന്ന സത്യം അവർക്ക് ഉള്‍ക്കൊള്ളാനായില്ല. പൊലീസിന്റെ ഖനനത്തിനായി ഇവരുടെ വീടിന്റെ അടുക്കളയുടെ ഭാഗങ്ങളും വാട്ടർ ടാങ്കും പൊളിച്ചുമാറ്റേണ്ടി വന്നു. താല്‍ക്കാലികമായി മാറിതാമസിക്കാൻ നിർദേശിക്കപ്പെട്ട ഇവർക്ക്, വീടിനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
കൊലപാതകം നടത്തിയെന്ന് കരുതപ്പെടുന്ന ഷംസുദ്ദീൻ ഇന്ന് ജീവിച്ചിരിപ്പില്ല. എങ്കിലും, നിയമത്തിന്റെ കണ്ണുകളില്‍ ഈ കേസ് അവിടെ അവസാനിക്കുന്നില്ല. വീട്ടില്‍ നിന്നും കണ്ടെടുത്ത അസ്ഥിക്കഷ്ണങ്ങള്‍ മനുഷ്യന്റേതാണോ എന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്കായി ബിജെ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരിക്കുകയാണ്. ഫർസാനയുടെ സഹോദരനെ മുംബൈയില്‍ നിന്നും കണ്ടെത്തിയ പൊലീസ്, അദ്ദേഹത്തിന്റെ ഡിഎൻഎ സാമ്പിളുകള്‍ ശേഖരിച്ച് ഈ അവശിഷ്ടങ്ങളുമായി ഒത്തുനോക്കും. ഒരു തിരോധാനം പോലും രജിസ്റ്റർ ചെയ്യാതിരുന്നിട്ടും, 34 വർഷങ്ങള്‍ക്ക് ശേഷം ഭൂമിക്കടിയില്‍ നിന്നും കുറ്റവാളികളെ തേടിയെത്തിയ ഒരു കൊലപാതകത്തിന്റെ സത്യം ശാസ്ത്രീയമായി തെളിയിക്കപ്പെടാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ അന്വേഷണ സംഘം.







