
ബെംഗളൂരു ബൗറിങ് ആശുപത്രിക്ക് സമീപം ശക്തമായ വേനല്‍ മഴയില്‍ മതിലിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും. ഏഴ് പേര്‍ക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. വിനോദയാത്രയ്ക്ക് എത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലത,സ്മിത എന്നിവരാണ് മരിച്ച മലയാളികൾ. മഴയില്‍ നിന്ന് രക്ഷ നേടി മതിലിന് സമീപം നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. കുടുംബശ്രീയുടെ വിനോദയാത്രക്ക് വന്നവരാണ് അപകടത്തില്‍ പെട്ടത്. 56 അംഗ സംഘമാണ് വന്നത്. അമൃതം പൊടി ഉണ്ടാക്കുന്ന യൂണിറ്റിലെ അംഗങ്ങളായിരുന്നു.
പര്‍ച്ചേസിന് വേണ്ടിയാണ് ഇവർ ശിവാജി നഗറില്‍ എത്തിയത്. മഴ പെയ്തപ്പോള്‍ ടാര്‍പോളിന്‍ ഷീറ്റിന് കീഴില്‍ വന്നു നില്‍ക്കുകയായിരുന്നു ഇവര്‍. റോഡിനോട് ചേര്‍ന്ന ആശുപത്രിയുടെ ചുറ്റുമതിലാണ് ഇടിഞ്ഞുവീണത്. ഇന്ന് വൈകിട്ടോടെയാണ് ബെംഗളൂരു നഗരത്തില്‍ വേനല്‍ മഴ പെയ്തത്. അപകടത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെയുണ്ട്. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.






