
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന വീഡിയോകൾ വീഡിയോ കോൾ വഴി റെക്കോർഡ് ചെയ്ത് ലൈംഗിക അതിക്രമണം നടത്തി പണം അപഹരിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മുണ്ടക്കയം സ്വദേശിയായ 22കാരൻ ഇഷാം നജീബ് ആണ് കേസിലെ പ്രതി. ഇയാൾക്ക് 32 വർഷം കഠിനതടവും 2,40,000രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് റോഷ്നി എച്ച് ആണ് കേസിൽ വിധി പറഞ്ഞത്.
പണം അപഹരിക്കണമെന്ന ഉദ്ദേശത്തിടുകൂടിയാണ് പ്രതി പെൺകുട്ടിയുടെ നഗ്ന വീഡിയോകൾ വീഡിയോ കോൾ വഴി റെക്കോർഡ് ചെയ്ത് ലൈംഗിക അതിക്രമണം നടത്തിയത്. 2023 മാർച്ച് 26ആം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന പ്രസാദ് എബ്രഹാം വർഗീസ്, എസ്ഐ പ്രശോബ് കെകെ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 31 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. പോൾ കെ എബ്രഹാം ഹാജരായി.






