Spread the love

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉഷ്ണതരംഗം ശക്തമാകുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഫാക്ടറി തൊഴിലാളികള്‍ക്ക് മതിയായ വിശ്രമം ഉറപ്പാക്കണമെന്നാണ് തൊഴില്‍ മന്ത്രാലയം മുന്നോട്ടുവച്ച പ്രധാന ആവശ്യം. തൊഴിലാളികള്‍ കടുത്ത വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ജോലി സമയം പുനക്രമീകരിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് മന്ത്രാലയം നിര്‍ദേശിച്ചു. ഉച്ചസമയത്തെ കടുത്ത ചൂടില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കി അതിരാവിലെയോ വൈകുന്നേരമോ ഷിഫ്റ്റുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം.

video
play-sharp-fill

കൂടാതെ തൊഴിലാളികള്‍ക്ക് കുടിവെള്ളം തടസ്സമില്ലാതെ ലഭ്യമാക്കണം. തൊഴിലിടങ്ങളില്‍ തണലുള്ള വിശ്രമകേന്ദ്രങ്ങളും തണുപ്പ് ഉറപ്പാക്കുന്ന സംവിധാനങ്ങളും ഒരുക്കണം. നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്കായി ഐസ് പാക്കുകളും ഉഷ്ണരോഗങ്ങള്‍ തടയാനുള്ള പ്രാഥമിക ചികിത്സാ സാമഗ്രികളും കരുതണം. ജോലിഭാരം കുറയ്ക്കുന്നതിനായി കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കാനും നിര്‍ദേശമുണ്ട്.

കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ചീഫ് ലേബര്‍ കമ്മീഷണര്‍മാരും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മൈന്‍ സേഫ്റ്റിയും പരിശോധന നടത്തണം. സ്വീകരിച്ച നടപടികളെക്കുറിച്ച് ഓരോ രണ്ടാഴ്ച കൂടുമ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ദിവസം ഉഷ്ണതരംഗം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. നിലവില്‍ പലയിടങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രം അടിയന്തിര ഇടപെടൽ നടത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group