
ഭുവനേശ്വർ: മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും മരിച്ച സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള തുക പിൻവലിക്കാൻ
അനുവദിക്കാതെ ബാങ്ക് അധികൃതർ. പിന്നാലെ സഹോദരിയുടെ അസ്ഥികൂടം ബാങ്കിലേക്ക് ചുമന്നെത്തിച്ച് വയോധികൻ.
ഒഡിഷയിലെ ജാജ്‌പൂർ ജില്ലയിലെ ബിഞ്ജാർപുർ മേഖലയിലാണ് സംഭവം. 70 വയസ്സുകാരനായ ഗുണനിധി ബിശ്വാസ് എന്നയാളാണ് തന്റെ സഹോദരിയുടെ അസ്ഥികൂടം കെട്ടിവെച്ച് തോളിൽ ചുമന്ന് ബാങ്കിലേക്ക് കൊണ്ടുവന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാണ്ട് ഒരു വർഷം മുമ്പ് മരിച്ച തന്റെ സഹോദരി സൈരന്ധ്രിയുടെ അക്കൗണ്ടിലുള്ള 19,300 രൂപ പിൻവലിക്കുന്നതിന് സഹോദരി മരിച്ചതിൻ്റെ തെളിവ് വേണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടതാണ് കാരണം.
മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും ബാങ്ക് അധികൃതർ പണം നൽകാൻ തയ്യാറായില്ലെന്നാണ് ഇദ്ദേഹത്തിൻ്റെ ആരോപണം.
പലതവണ പണം ആവശ്യപ്പെട്ട് ഇദ്ദേഹം ബാങ്കിനെ സമീപിച്ചിരുന്നെങ്കിലും, അക്കൗണ്ട് ഉടമ നേരിട്ട് ഹാജരാകണമെന്ന നിലപാടാണ് ബാങ്ക് ജീവനക്കാർ സ്വീകരിച്ചത്.
ഇതോടെയാണ് ഗുണനിധി ബിശ്വാസ് മൃതദേഹം സംസ്‌കരിച്ച കുഴിയിൽ നിന്ന് അസ്ഥികൂടം പുറത്തെടുത്തത്. സഹോദരിയുടെ അക്കൗണ്ടിലുള്ളത് പെൻഷൻ വഴിയും മറ്റും കിട്ടിയ തുകയാണെന്നും കടുത്ത ദാരിദ്ര്യത്തിലാണ് തങ്ങളെന്നും ഗുണനിധി ബിശ്വാസ് പറയുന്നു.
അസ്ഥികൂടവുമായി ഇദ്ദേഹം ബാങ്കിന് മുന്നിലെത്തിയത് കണ്ട് ഇവിടെയുണ്ടായിരുന്നവർ നടുങ്ങി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ജില്ലാ ഭരണകൂടം ഇടപെട്ടു. വിഷയത്തിൽ തഹസിൽദാരോടും ബാങ്ക് അധികൃതരോടും കളക്ടർ റിപ്പോർട്ട് തേടി.







