
മുംബൈ: തോളിനേറ്റ പരിക്കിനെത്തുടർന്ന് മുംബൈ ഇന്ത്യൻസിന്റെ ന്യൂസിലൻഡ് സ്പിന്നർ മിച്ചൽ സാന്റ്നർ ഐപിഎൽ 2026-ന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായി.
ഏപ്രിൽ 23-ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനിടെ ഫീൽഡ് ചെയ്യുമ്പോഴാണ് സാന്റ്നറുടെ വലതുതോളിന് വീണ്ടും പരിക്കേറ്റത്.
പരിക്കേറ്റ സാന്റ്നർക്ക് പകരക്കാരനായി ദക്ഷിണാഫ്രിക്കൻ ഇടംകൈയ്യൻ സ്പിന്നർ കേശവ് മഹാരാജിനെ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ക്യാച്ചെടക്കുന്നതിനിടെ വീണ സാന്റ്നറുടെ തോളിനും കഴുത്തിനും പരിക്കേറ്റിരുന്നു. തുടര്ന്ന് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഷാർദുൽ താക്കൂർ ആണ് സാന്റ്നർക്ക് പകരം ബാറ്റിംഗിനിറങ്ങിയത്.
ഏപ്രിൽ ആദ്യ വാരം ഡൽഹിക്കെതിരായ മത്സരത്തിലും സാന്റ്നറുടെ തോളിൽ പരിക്കേറ്റിരുന്നു. പിന്നീട് തിരിച്ചെത്തിയെങ്കിലും ചെന്നൈക്കെതിരായ മത്സരത്തിൽ അതേ തോളിൽ തന്നെ വീണ്ടും പരിക്കേറ്റത് വിനയായി.
സാന്റ്നറുടെ പകരക്കാരനായി വരുന്ന കേശവ് മഹാരാജ് 2024 സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് മഹാരാജിനെ മുംബൈ ടീമിലെത്തിക്കാന് കാരണമായത്.
സീസണിൽ ഇതുവരെ മികച്ച ഫോമിലേക്ക് ഉയരാൻ സാധിക്കാത്ത മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ 208 റൺസ് പിന്തുടർന്ന മുംബൈ 103 റൺസിന്റെ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്.
സാന്റ്നറുടെ അഭാവം ടീമിന്റെ ബൗളിംഗ്-ബാറ്റിംഗ് സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകർ. സീസണിലെ മോശം പ്രകടനത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന മുംബൈ നാളെ കരുത്തരായ ഹൈദരാബാദിനെയാണ് നേരിടുന്നത്.







