
ബിജെപിയിൽ ചേരുന്നതിന് പിന്നാലെ മുൻ എഎപി നേതാവ് രാഘവ് ഛദ്ദയ്ക്കെതിരെ രൂക്ഷവിമർശനവുമായി എഎപി നേതാവ് സൗരഭ് ഭരദ്വാജ്. രാഘവ് ഛദ്ദ രാജ്യസഭാ എംപിയായിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ വിവാഹം പോലും നടക്കില്ലായിരുന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ആം ആദ്മി പാര്‍ട്ടി വിടാനുള്ള കാരണങ്ങള്‍ വിശദീകരിക്കുന്ന ഒരു വീഡിയോ രാഘവ് ഛദ്ദ പുറത്തിറക്കിയിരുന്നു. ഇതിനുള്ള മറുപടി വീഡിയോയുമായാണ് സൗരഭ് രംഗത്തെത്തിയിരിക്കുന്നത്. ഈ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാണ് വിവാഹം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
2023 സെപ്റ്റംബര്‍ മാസത്തിലാണ് ബോളിവുഡ് നടി പരിനീതി ചോപ്രയും രാഘവുമായുള്ള വിവാഹം നടന്നത്. ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ രാഘവ് ഛദ്ദയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാഘവിനെ അണ്‍ഫോളോ ചെയ്താണ് ജെന്‍സികളുള്‍പ്പടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ബിജെപിയില്‍ ചേരുന്നുവെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം രാഘവ് ഛദ്ദയെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം അണ്‍ഫോളോ ചെയ്തത് പത്ത് ലക്ഷത്തിലധികം പേരാണ്. ഓരോ മണിക്കൂറിലും ഛദ്ദയുടെ ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞുവരികയാണ്.






