
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ജൂണ്‍ 15-ന് 25 വീടുകള്‍ കൂടി പൂര്‍ത്തിയാക്കി നല്‍കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ബാക്കിയുള്ള വീടുകള്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതര്‍ക്കായി മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയില്‍ ലീഗ് ഒരുക്കിയ 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 54 വീടുകളുടെ പണി നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം വീട് വെക്കുമ്പോലെ തന്നെയാണ് ഞങ്ങൾ പ്രവർത്തിച്ചത്. എല്ലാവരും സഹകരിച്ചു. രാഷ്ട്രീയമോ നേട്ടങ്ങളോ നോക്കിയിട്ടല്ല. സംസ്ഥാന ഭാരവാഹികൾ, കരാറുകാർ, ആർക്കിടെക്റ്റ് തുടങ്ങി എല്ലാവരും ആത്മാർഥമായി അവരെ ഏൽപിച്ച ജോലി ചെയ്തു. ഒന്നിലും ഒരു കോംപ്രമൈസും ചെയ്തിട്ടില്ല. ഇതിൽ രാഷ്ട്രീയം ഇല്ല മനുഷ്യത്വം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് കിടപ്പുമുറികളുള്ള 1050 ചതുരശ്ര വീടുകളാണ് ലീഗ് നല്‍കുന്നത്. വീടുകള്‍ക്കൊപ്പം ഫര്‍ണിച്ചറും നല്‍കിയിരുന്നു. കമ്യൂണിറ്റി ഹാള്‍, പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.






