Spread the love

ബംഗളൂരു: ക‍ർണാടകയെ നടുക്കിയ മംഗളൂരു പ്രഷർ കുക്കർ സ്ഫോടന കേസില്‍ പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച്‌ ബെംഗളൂരു പ്രത്യേക കോടതി. കുക്കറിലൊളിപ്പിച്ച സ്ഫോടക വസ്തു ഓട്ടോറിക്ഷയില്‍ പൊട്ടിത്തെറിച്ച സംഭവത്തിലാണ് പ്രതി മുഹമ്മദ് ഷരീഖിനെ ശിക്ഷിച്ചത്.

video
play-sharp-fill

എൻഐഎ അന്വേഷണം, അറസ്റ്റ്, കേരളത്തില്‍ ആലുവയില്‍ ഉള്‍പ്പെടെ പ്രതി താമസിച്ചെന്ന് കണ്ടെത്തല്‍. അങ്ങനെ കോളിളക്കം ഉണ്ടാക്കിയ കേസിലാണ് മൂന്ന് കൊല്ലത്തിനും നാലു മാസത്തിനും ശേഷം പ്രതിയെ ശിക്ഷിച്ചത്. ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ച കേസില്‍ ബെംഗളൂരു സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസിന്റെ വിചാരണയ്ക്കിടെ 2024ല്‍ താൻ നിരപരാധിയാണെന്ന് മുഹമ്മദ് ഷരീഖ് വാദിച്ചിരുന്നു. വൈകാതെ കുറ്റം ഏറ്റുപറഞ്ഞ നാടകീയതയ്ക്കും ഇതേ കോടതി സാക്ഷ്യം വഹിച്ചു. സ്ഫോടനത്തില്‍ പരിക്കേറ്റതിന് പിന്നാലെ എൻഐഎ കസ്റ്റഡിയിലെടുത്ത പ്രതി ബെംഗളൂരു സെൻട്രല്‍ ജയിലിലാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 നവംബർ 19ന് കദ്രി മഞ്ജുനാഥ ക്ഷേത്രത്തില്‍ ബോംബ് വയ്ക്കാനുള്ള ശ്രമത്തിനിടെയായിരുന്നു സ്ഫോടനം. പ്രതി സെറ്റ് ചെയ്തിരുന്ന ടൈമറിലെ സമയം മാറിയതോടെ യാത്രാമധ്യേ കങ്കനാടിയില്‍ വച്ച്‌ ഓട്ടോറിക്ഷയ്ക്കുള്ളില്‍ സ്ഫോടനം നടക്കുകയായിരുന്നു.

സ്ഫോടനത്തില്‍ മുഹമ്മദ് ഷരീഖിനും ഓട്ടോ ഡ്രൈവർക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടർന്ന് എൻഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സ്ഫോടനത്തിന് മുന്പ് പ്രതി ട്രയല്‍ നടത്തിയതായും ആലുവയില്‍ ഉള്‍പ്പെടെ എത്തി താമസിക്കുകയും ചെയ്തതായി എൻഐഎ കണ്ടെത്തി. ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടനായാണ് കർണാടകയിലെ ഷിമോഗ്ഗ സ്വദേശിയായ മുഹമ്മദ് ഷെരീഖ് ഇതിന് തുനിഞ്ഞതെന്നായിരുന്നു എൻഐഎയുടെ കുറ്റപത്രം.