
കാസർകോട്: കാസർകോട് എളേരിത്തട്ട് നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് നാലര വയസുള്ള പെണ്കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഐസിയുവിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് വിവരം.
ഇന്ന് വിവിധ ജില്ലകളിലായി 8 പേർക്കാണ് വിഷപാമ്പിന്റെ കടിയേറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിൽ നിന്നും 5 ഉഗ്ര വിഷ പാമ്പുകളെയാണ് പിടികൂടിയത്. ഭാഗ്യം കൊണ്ടാണ് കുടുംബം കടി ഏൽക്കാതെ രക്ഷപ്പെട്ടത്.
രമേശിന്റെ വീടിനകത്തു നിന്നാണ് ഉഗ്ര വിഷമുള്ള ശങ്കുവരയൻ പാമ്പുകളെ കണ്ടെത്തിയത്. 6 വയസുള്ള മകൾ കിടന്നുറങ്ങിയ റൂമിൽ ബെഡിനോട് ചേർന്നാണ് രാവിലെ പാമ്പിനെ കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ശുചിമുറിയിലും കിടപ്പുമുറിയിലുമായി 2 പാമ്പുകളെ പിടികൂടി. വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് മറ്റു രണ്ട് പാമ്പുകളെ കണ്ടത്. ടൈൽ വിരിച്ച കോൺക്രീറ്റ് വീടിനകത്ത് എങ്ങിനെ പാമ്പുകൾ എത്തി എന്ന് വ്യക്തമല്ല. ഇതോടെ പ്രദേശവാസികളും ആശങ്കയിലാണ്.
പേരാമ്പ്ര കണ്ണിപ്പൊയിലിൽ സ്വദേശി അഞ്ജലിക്കും പുനൂർ സ്വദേശി അൻസാറിനും കിടപ്പുമുറിയിൽ നിന്നാണ് പാമ്പ് കടിയേറ്റത്.
ബെഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കടിയേറ്റത് തിരിച്ചറിയുന്നത്. ശങ്കുവരയൻ പാമ്പാണ് രണ്ടുപേരെയും കടിച്ചത്.
ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രണ്ട് പേർക്ക് പാമ്പ് കടിയേറ്റു.
കാറളം പുല്ലത്തറ വെള്ളേപറമ്പിൽ വീട്ടിൽ പ്രസീതക്ക് പുല്ല് പരിക്കുന്നതിനിടയിലും, നടവരമ്പ് സ്വദേശിയായ പിടുക്കാട്ടിൽ സനീഷിന് കിണർ ജോലിക്കിടയിലും ആണ് കടിയേറ്റത്.
മലപ്പുറം എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. ചിറക്കൽ സ്വദേശി ഷഹല തസ്നിക്കാണ് കാൽപാദത്തിൽ കടിയേറ്റത്. ഷഹല അബോധാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്.







