Spread the love

ദുബൈ: യുഎഇയിൽ വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

video
play-sharp-fill

രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 43°C വരെ ഉയർന്നേക്കും. ചൂടിനൊപ്പം പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഉൾപ്രദേശങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമ്പോൾ തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഴക്ക് നിന്നുള്ള ന്യൂനമർദ്ദവും പടിഞ്ഞാറ് നിന്നുള്ള ഉച്ചമർദ്ദവുമാണ് നിലവിലെ കാലാവസ്ഥാ മാറ്റത്തിന് കാരണം. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്.

ഇത് പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും കാരണമാകും. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും വാഹനമോടിക്കുന്നവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.

അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും കടലിൽ വിനോദത്തിലേർപ്പെടുന്നവരും കാലാവസ്ഥാ വ്യതിയാനങ്ങൾ ശ്രദ്ധിക്കണം.

ബുധനാഴ്ചയോടെ താപനില ഇനിയും ഉയരുമെന്നാണ് പ്രവചനം. എന്നാൽ വ്യാഴാഴ്ചയോടെ പടിഞ്ഞാറൻ മേഖലകളിൽ ചൂടിന് നേരിയ ശമനമുണ്ടാകാൻ സാധ്യതയുണ്ട്. വെള്ളി വരെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരും.