Spread the love

ചങ്ങനാശേരി: നഗരമധ്യത്തില്‍ വിവിധയിടങ്ങളില്‍ സ്‌ഥിതിചെയ്യുന്ന നടപ്പാതകള്‍ തകര്‍ന്നിട്ടും കണ്ടില്ലെന്നു നടിച്ച്‌ അധികൃതര്‍.
മാസങ്ങള്‍ പിന്നിട്ടിട്ടും നാളിതുവരെ തകര്‍ന്ന ഇന്റര്‍ലോക്കുകള്‍ മാറ്റിസ്‌ഥാപിച്ച്‌ സഞ്ചാരയോഗ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല.

video
play-sharp-fill

കെ.എസ്‌.ആര്‍.ടിസി സ്‌റ്റാന്‍ഡ്‌ കഴിഞ്ഞാല്‍ നടപ്പാത തകര്‍ന്നുകിടക്കുകയാണ്. തകർന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. എം.സി റോഡില്‍ പെരുന്ന മുതല്‍ സെന്‍ട്രല്‍ ജങ്‌ഷന്‍ വരെയുള്ള ഭാഗത്ത്‌ ഇരുവശത്തുമുള്ള നടപ്പാതകള്‍ കാല്‍നടയാത്രക്കാര്‍ക്കു നടക്കാന്‍ കഴിയാത്ത തരത്തില്‍ ഇന്റര്‍ ലോക്കുകള്‍ തകര്‍ന്ന നിലയിലാണ്‌. റോഡ്‌ നവീകരണത്തിന്റെ ഭാഗമായാണു റോഡിന്റെ ഇരുവശത്തുമുള്ള ഓടകള്‍ക്ക്‌ മുകളില്‍ ഇന്റര്‍ ലോക്കുകള്‍ പാകി മനോഹരമാക്കിയത്‌.

എന്നാല്‍, പലയിടങ്ങളിലെയും കട്ടകള്‍ ഇളകി. സെന്‍ട്രല്‍ ജങ്‌ഷന്‍, കെ.എസ്‌.ആര്‍.ടി.സി, പെരുന്ന, ളായിക്കാട്‌, എസ്‌.ബി കോളജ്‌ ഭാഗം, വാഴൂര്‍ റോഡ്‌, ബൈപ്പാസ്‌ റോഡ്‌, റെയില്‍വേ റോഡ്‌, പാലാത്ര തുടങ്ങിയ ഭാഗങ്ങളിലാണു നടപ്പാതകള്‍ പൂര്‍ണമായി തകര്‍ന്നു കിടക്കുന്നത്‌. ഇരുചക്രവാഹനങ്ങള്‍ നടപ്പാതയിലൂടെ സഞ്ചരിക്കുന്നതും ടൈലുകള്‍ തകരുന്നതിനിടയാക്കി. ഇതോടെ തിരക്കേറിയ റോഡിലേക്കു കാല്‍നടയാത്രക്കാര്‍ ഇറങ്ങിനടക്കേണ്ട അവസ്‌ഥയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടപ്പാതകളില്‍ തടസം സൃഷ്‌ടിച്ചുകൊണ്ടുള്ള അനധികൃത പാര്‍ക്കിങും നടപ്പാതയിലെ കച്ചവടവും പ്രതിസന്ധിയാകുന്നു.
തട്ടുകടകളും ചെറുകിട കച്ചവടങ്ങളും നടത്തുന്നതു നടപ്പാതയിലാണ്‌. റോഡരികിലെ തട്ടുകടകളിലെയും വ്യാപാരസ്‌ഥാപനങ്ങളിലെയും സാധനസാമഗ്രികള്‍ ഇറക്കിവയ്‌ക്കുന്നതും കച്ചവടം നടത്തുന്നതും ഇവിടെയാണ്‌. ഗതാഗതക്കുരുക്കില്‍നിന്നു രക്ഷപ്പെടാന്‍ വാഹനങ്ങള്‍ നടപ്പാതയിലൂടെ കയറ്റിയാണു ഓടിക്കുന്നത്‌. കാല്‍നടക്കാര്‍ എതിരേ നടന്നുവന്നാല്‍ പോലും ശ്രദ്ധയില്ലാതെ വേഗത്തിലാണ്‌ ഇക്കൂട്ടരുടെ യാത്ര. രക്ഷതേടി കാല്‍നടക്കാര്‍ നടപ്പാതയില്‍ നിന്നു മാറിക്കൊടുക്കണം.

ഓടകള്‍ക്കുമുകളില്‍ സ്‌ഥാപിച്ചിരുന്ന സ്ലാബുകളും ഇളകിത്തുടങ്ങിതോടെ നടപ്പാതകളില്‍ കുഴികളും രൂപപ്പെട്ടു തുടങ്ങി. മൂടിയില്ലാത്ത ഓടകളിലാണു മാലിന്യങ്ങള്‍ കൂട്ടിയിടുന്നതും കത്തിക്കുന്നതും. നടപ്പാതകളിലെ തകര്‍ന്ന ടൈലുകള്‍ക്കിടയില്‍ തട്ടി നിരവധി പേര്‍ക്കു പരുക്കുമേറ്റിട്ടുണ്ട്‌. നടപ്പാത നന്നാക്കി അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന്‌ നിരവധി തവണ ആവശ്യമുയര്‍ന്നെങ്കിലും പരാതികള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്‌.