Spread the love

ചെറുനാരങ്ങയുടെ വിലയിൽ അടുത്ത കാലത്തായി വലിയ വർധന. ഒരു കിലോഗ്രാം ചെറുനാരങ്ങയുടെ ഇന്നലത്തെ വില 260 രൂപയാണ്. ചില്ലറ വിൽപന നടത്തുന്ന കടകളിൽ ഇതിലും കൂടുതലാണ്. പച്ച നിറത്തിലുള്ളതിനെക്കാൾ വില കൂടുതലാണ് മഞ്ഞ നിറത്തിലുള്ള ചെറുനാരങ്ങയ്ക്ക്. അതായത് ഒരു ചെറുനാരങ്ങയ്ക്ക് ഏകദേശം 10 രൂപയിൽ കൂടുതലാണ് വില. ഒരു മാസം മുൻപ് കിലോയ്ക്ക് നൂറു രൂപയിൽ താഴെയായിരുന്നു വില. ചെറിയ നാരങ്ങയുടെ പിടിവിട്ട വില കാരണം വേനൽചൂടിൽ ദാഹമകറ്റാൻ നാരങ്ങ വെള്ളം കുടിക്കാമെന്ന് കരുതിയാൽ പെട്ടു.

video
play-sharp-fill

ചെറുനാരങ്ങയുടെ വില വർധിച്ചതോടെ ബേക്കറികളിലും കൂൾ ബാറുകളിലും നാരങ്ങ വെള്ളം, സോഡാ നാരങ്ങ എന്നിവയ്ക്കു വില വർധിച്ചു. ചെറിയ കടകളിൽ പോലും 15 രൂപ ഉണ്ടായിരുന്ന നാരങ്ങ വെള്ളത്തിന് 20 രൂപയായി. അതും പലയിടങ്ങളിലും കിട്ടാനുമില്ല. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണു പ്രധാനമായും ചെറുനാരങ്ങ വരുന്നത്. വേനൽ ശക്തമായതോടെ ഉൽപാദനം കുറഞ്ഞതും ആവശ്യക്കാർ വർധിച്ചതുമാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.