
കോഴിക്കോട്: വിവാഹ വീട്ടിലേക്ക് ആവശ്യമായ ചപ്പാത്തി വാങ്ങാനെത്തിയ യുവാക്കളെ 25ഓളം വരുന്ന അക്രമി സംഘം ക്രൂരമായി മര്‍ദ്ദിച്ചു. കോഴിക്കോട് എളേറ്റില്‍ വട്ടോളിയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച വീണപാറയിലുള്ള അല്‍ക്കോ ബേക്കറിക്ക് സമീപം രാത്രി ഏഴരയോടെയാണ് യുവാക്കള്‍ക്ക് നേരെ ക്രൂരമായ ആക്രമണം നടന്നത്.
ഏതോ യുവാവിനെ അന്വേഷിച്ചെത്തിയ അക്രമികളാണ് രണ്ട് സംഘമായെത്തി ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടത്. പന്നൂര്‍ സ്വദേശികളായ ഇ.കെ മുഹമ്മദ് റാസിഖ്, ഇഷാം മുഹമ്മദ്, സാദാത്ത് അലി എന്നിവരാണ് മര്‍ദ്ദനത്തിന് ഇരയായത്. വിവാഹ വീട്ടിലേക്ക് ചപ്പാത്തി വാങ്ങാന്‍ എത്തിയതായിരുന്നു യുവാക്കള്‍.
ചപ്പാത്തിക്ക് ഓര്‍ഡര്‍ നല്‍കിയ ശേഷം ബേക്കറിയുടെ മുന്‍വശത്ത് നില്‍ക്കുകയായിരുന്ന ഇവര്‍ക്ക് സമീപത്തേക്ക് ‘പന്നൂര്‍ സ്വദേശികളാണോ’ എന്നും ചോദിച്ചെത്തിയ സംഘം നിങ്ങളൊക്കെ അവന്‍റെ ഗ്യാങ്ങ് അല്ലേ എന്നാക്രോശിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹെല്‍മെറ്റ് കൊണ്ടുള്ള അടിയേറ്റ് റാസിഖിന്‍റെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റു. പത്തോളം വരുന്ന ആദ്യ സംഘത്തിന്‍റെ അക്രമം കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പതിനഞ്ചോളം വരുന്ന മറ്റൊരു സംഘം എത്തി വീണ്ടും മര്‍ദ്ദിച്ചതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ ബേക്കറിയുടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
എളേറ്റില്‍ വട്ടോളി സ്വദേശി സഫീര്‍, താമരശ്ശേരി കാരാടി സ്വദേശി അന്‍സിഫ് എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന ഏതാനും പേര്‍ക്കെതിരേ കൊടുവള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്.









