
ചെന്നൈ: ഒരു മാസത്തിലധികം നീണ്ടുനിന്ന പ്രചരണത്തിനൊടുവില്‍ തമിഴ്നാട് ജനത നാളെ പോളിംഗ് ബൂത്തിലെത്തും. നിശബ്ദ പ്രചാരണ ദിവസം വോട്ടിന് പണമൊഴുക്കുന്നതിനെ ചൊല്ലി വ്യാപകമായ പരാതിയാണ് ഉയർന്നത്. ചെന്നൈയില്‍ ഡി എം കെ സ്ഥാനാർഥിയുടെ സഹായിയില്‍ നിന്ന് 2 കോടി രൂപ പിടിച്ചെടുത്തു.
തിരുനെല്‍വേലിയില്‍ പണം നല്‍കാതിരുന്ന ഡി എം കെ സ്ഥാനാർഥിയുടെ വീട്ടിലെത്തി സ്ത്രീകള്‍ പ്രതിഷേധിച്ചതും വലിയ വാർത്തയായി. അതിനിടെ ഡി എം കെയ്ക്ക് കുരുക്കായി തിരുമംഗലത്ത് 1000 രൂപ വീതം വിതരണം ചെയ്‌തെന്ന് വ്യക്തമാക്കിയുള്ള ശബ്ദരേഖയും പുറത്തുവന്നു. ഡി എം കെ ബ്രാഞ്ച് സെക്രട്ടറിയുടെ മകളുടെ സംഭാഷണമാണ് പുറത്തുവന്നത്.
ഡി എം കെ എം എല്‍ എ സെന്തില്‍ ബാലാജി മത്സരിക്കുന്ന കോയമ്പത്തൂർ സൗത്തിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ എ ഡി എം കെ സ്ഥാനാർത്ഥി അമ്മൻ കെ അർജുനൻ ജില്ലാ കളക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനും തമിഴകം സാക്ഷിയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരൂരില്‍ വിതരണത്തിനുള്ള 72 പ്രഷർ കുക്കർ, ഫ്ലയിംഗ് സ്ക്വാഡ് എത്തിയതോടെ വഴിയില്‍ ഉപേക്ഷിച്ച് എ ഐ എ ഡി എം കെ നേതാക്കള്‍ മുങ്ങിയതും വലിയ വാർത്തയായി. ഒരു വോട്ടിന് 1000 മുതല്‍ 5000 രൂപ വരെ ഡി എം കെ സഖ്യവും എൻ ഡി എയും നല്‍കുന്നതായാണ് മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോർട്ട്. അതേസമയം പണവും മറ്റുമായി 1261 കോടി രൂപ ഇതുവരെ പിടിച്ചെടുത്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അർച്ചന പട് നായിക് വ്യക്തമാക്കി.









