
കോട്ടയം: ബിസിസിഐയുടെ ഔദ്യോഗിക ഐപിഎല്‍ ഫാന്‍ പാര്ക്കിന് ഇത്തവണ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ ഗ്രൗണ്ട് ആതിഥ്യമരുളും.
ഇന്നും നാളെയും അരങ്ങേറുന്ന കായിക മാമാങ്കത്തിലേക്കു പ്രവേശനം സൗജന്യമാണ്. അയ്യായിരത്തിലധികം പേര്‍ക്ക് ഒരേസമയം കൂറ്റന്‍ എല്‍ഇഡി സ്ക്രീനുകളില്‍ തത്സമയം മത്സരങ്ങള്‍ ആസ്വദിക്കാനുള്ള വിപുലമായ സൗകര്യമാണ് ഒരുങ്ങുന്നത്.
ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഫാന്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.
മത്സരപ്രദര്ശനത്തിനപ്പുറം കാര്‍ണിവല്‍ മൂഡാണ് ഫാന്‍ പാര്‍ക്കില്‍ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഭക്ഷണശാലകള്‍, സംഗീത വിരുന്നുകള്‍, കുട്ടികള്‍ക്കായുള്ള പ്ലേ സോണുകള്‍ എന്നിവയ്ക്കു പുറമേ ആരാധകര്‍ക്ക് കായിക മികവ് തെളിയിക്കാന്‍ വിര്‍ച്വല്‍ ബാറ്റിംഗ് സോണുകളും ബൗളിംഗ് നെറ്റുകള്‍ എന്നിവയും സജ്ജമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നു നടക്കുന്ന ആദ്യപോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സിനെയും രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും നേരിടും.
നാളെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സുമായും രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്സ്, ലക്നൗ സൂപ്പര്‍ ജയന്റ്സുമായും ഏറ്റുമുട്ടും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ആരാധകര്‍ക്ക് പ്രവേശനം അനുവദിക്കും.
പരിസ്ഥിതി സംരക്ഷണത്തിനു മുന്‍തൂക്കം നല്കി പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഫാന്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം.
പരിസര മലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പി വെള്ളത്തിനു മൈതാനത്തിനകത്ത് കര്‍ശന നിയന്ത്രണമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ബിസിസിഐ സെക്രട്ടറി ഇര്ഫാന് ദാദന്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എം.കെ. ഹരികൃഷ്ണ എന്നിവര്‍ പങ്കെടുത്തു.



