play-sharp-fill
5 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

5 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നലെ എറണാകുളം,ഇടുക്കി,തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിൽ എറണാകുളം ജില്ലയിലുൾപ്പെടെ രാത്രി കനത്ത മഴയാണ് പെയ്തത്.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമില്‍ നിന്ന് ഇന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. വൃഷ്ടി പ്രദേശത്ത് മഴ കനത്തതാണ് ബാണാസുര സാഗറിലെ ജലനിരപ്പ് ഉയരാന്‍ കാരണം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഷട്ടറുകൾ തുറക്കുക. ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ ഡാമിന്റെ താഴ്‌വാരത്ത് കരമാൻതോട്, പനമരം പുഴകളിൽ 20 സെന്റിമീറ്റർ മുതൽ 30 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഇന്ന് രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.7 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.