
കോഴിക്കോട്: ചെറൂട്ടി കോണ്‍വന്റ് റോഡിലെ ദേവമാതാ കത്തീഡ്രല്‍ പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പാലക്കാട് സ്വദേശിനിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനി ഫ്രാങ്കോ (25) ആണ് പിടിയിലായത്. പാലക്കാട് നിന്ന് 13 ബസുകളിലായി എത്തിയ തീർത്ഥാടക സംഘത്തിന്റെ ഭാഗമായാണ് യുവതി കോഴിക്കോട് എത്തിയത്. പള്ളിയുടെ പിൻഭാഗത്ത് വെച്ച് താൻ പ്രസവിച്ചുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.
ആറ് മാസം ഗർഭിണിയായിരുന്ന ഫ്രാങ്കോയെ യാത്രയില്‍ ഒപ്പം കൂട്ടാൻ സംഘാടകർക്ക് താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ഇവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പ്രസവത്തിന് ശേഷം കുട്ടി മരിച്ചതാണോ അതോ കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളി പരിസരത്ത് വെച്ച് പ്രസവം നടന്നതായും എന്നാല്‍ കൂടെയുള്ളവർ വിവരം അറിഞ്ഞാല്‍ പ്രശ്നമാകുമെന്ന് ഭയന്നാണ് കുഞ്ഞിനെ അവിടെത്തന്നെ ഉപേക്ഷിച്ചതെന്നും യുവതി മൊഴി നല്‍കി. കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ മരിച്ച നിലയിലായിരുന്നുവെന്നും ഫ്രാങ്കോ അവകാശപ്പെടുന്നു. ഭർത്താവും ഒന്നര വയസ്സുള്ള മകളും മറ്റ് ബന്ധുക്കളും അതേ തീർത്ഥാടക സംഘത്തിലുണ്ടായിരുന്നിട്ടും അവരോട് പോലും യുവതി വിവരം പറഞ്ഞിരുന്നില്ലെന്ന് ടൗണ്‍ എസിപി കെ.ജെ. ജോണ്‍സണ്‍ വ്യക്തമാക്കി.
പ്രസവശേഷം സാധാരണ നിലയില്‍ ടൂറിസ്റ്റ് ബസില്‍ തിരിച്ചുകയറി ഇരുന്ന യുവതിയെ, പൊലീസിന്റെ വിശദമായ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. ബുധനാഴ്ച വൈകിട്ട് തീർത്ഥാടക സംഘത്തിലെ ഒരു യുവാവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പള്ളി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പള്ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, പൊക്കിള്‍ക്കൊടി അറുത്ത നിലയിലുള്ള കുഞ്ഞിനെ ഉപേക്ഷിച്ചത് ഫ്രാങ്കോ ആണെന്ന് കണ്ടെത്തി. അവശതയിലായ യുവതിയെ നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്ക് ശേഷം ഇവരെ വിശദമായി ചോദ്യം ചെയ്യും.
സമീപത്ത് ആശുപത്രി സൗകര്യങ്ങള്‍ ഉണ്ടായിട്ടും, ഒപ്പമുണ്ടായിരുന്ന ഭർത്താവിനെയോ മറ്റ് ബന്ധുക്കളെയോ വിവരം അറിയിക്കാതെ പള്ളി പരിസരത്ത് പ്രസവിച്ചതാണ് സംശയത്തിന് ഇടയാക്കുന്നത്. ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.



