Spread the love

കൊല്ലം: അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയതായി പരാതി. ആയൂർ തോട്ടത്തറ സ്വദേശിയായ ജോയൽ ജോർജ് മാത്യു (32)യുടെ മൃതദേഹമാണ് അഴുകിയത്.

video
play-sharp-fill

പൂനെയില്‍ പ്രോജക്ട് മാനേജറായി ജോലി ചെയ്തുവരികയായിരുന്ന ജോയല്‍, കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം അഞ്ചലിലെ സെന്‍റ് ജോസഫ് മിഷന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു.

സംസ്കാരത്തിനായി മൃതദേഹം കൊണ്ടുപോകാന്‍ ബന്ധുക്കള്‍ എത്തിയപ്പോഴാണ് ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ശരീരം അഴുകി വീര്‍ന്ന നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കുന്നതിന് പോലും ബുദ്ധിമുട്ട് നേരിട്ടതായി ബന്ധുക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോര്‍ച്ചറി ഫ്രീസറിന്റെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ ജീവനക്കാര്‍ മറന്നതാണ് മൃതദേഹം അഴുകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടര്‍ന്ന് ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ ബന്ധുക്കള്‍ പ്രതിഷേധം രേഖപ്പെടുത്തി. ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാര്‍ മോശമായി പെരുമാറിയതായും ആരോപണമുണ്ട്.

മോര്‍ച്ചറിയില്‍ നാല് മുതല്‍ അഞ്ച് മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടെങ്കിലും പല ഫ്രീസറുകളും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ ജോയലിന്റെ ബന്ധുക്കള്‍ അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കി. ആരോഗ്യവകുപ്പിനും പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.