
മലപ്പുറം: വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ടു.
ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ച കെ എം ഷാജിയുടെ ഫ്ലക്സ് ബോർഡിലാണ് തീയിട്ടത്. ഇന്ന് രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. കോട്ടക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മണ്ഡലം രൂപീകരിച്ച 2011 മുതൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രഭാവത്തിലാണ് വേങ്ങര മണ്ഡലം അറിയപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തവണ മുസ്ലീം ലീഗ് വേങ്ങരയിൽ ഒരു മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണ്. മണ്ഡലത്തിൽ വൻ സ്വാധീനമുള്ള പി കെ കുഞ്ഞാലിക്കുട്ടിക്ക് പകരം കെ എം ഷാജിയാണ് ഇത്തവണ യുഡിഎഫിന് വേണ്ടി മത്സരത്തിനിറങ്ങുന്നത്.
കെ എം ഷാജിയുടെ തീപ്പൊരി പ്രസംഗങ്ങളും യുവജനങ്ങൾക്കിടയിലെ സ്വീകാര്യതയും വോട്ടാക്കി മാറ്റാനാണ് ലീഗിന്റെ ശ്രമം.
കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ച വെച്ച സബാഹ് കുണ്ടുപുഴക്കലിനെയാണ് ഇടതുമുന്നണി ഇത്തവണ ഔദ്യോഗികമായി കളത്തിലിറക്കിയിരിക്കുന്നത്. ബിജെപിക്കായി വി എൻ ജയകൃഷ്ണനാണ് മത്സരിക്കുന്നത്.



