
കൊച്ചി: പ്രായപൂർത്തിയായ വ്യക്തികള്‍ക്ക് അവരുടെ ജീവിതവും വിശ്വാസവഴിയും സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി.
മക്കളെ സന്ന്യാസിനികള്‍ തടവിലാക്കിയെന്നാണ് ആരോപിച്ച് തൃശ്ശൂർ സ്വദേശികളായ മാതാപിതാക്കള്‍ നല്കിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി തള്ളിയത്.
ജസ്റ്റിസ് ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ച കേസിലാണ് ഈ നിർണായക നിരീക്ഷണം. മക്കള്‍ സഭയുമായി ബന്ധമില്ലാത്ത ഒരു കൂട്ടായ്മയില്‍ തുടരുന്നത് അവരുടെ സ്വതന്ത്രമായ തീരുമാനമല്ല, മറിച്ച് എതിർ കക്ഷികളുടെ സമ്മർദ ഫലമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, പൊലീസ് അന്വേഷണത്തില്‍ യുവതികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിശ്വാസപാത തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കിയതായി കോടതി ചൂണ്ടിക്കാണിച്ചു. അതിനാല്‍ ഇവരെ തടവിലാക്കിയതായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മക്കളുടെ തീരുമാനത്തില്‍ മാതാപിതാക്കള്‍ക്ക് ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും, പ്രായപൂർത്തിയായ ഒരാളുടെ വ്യക്തിഗത സ്വാതന്ത്ര്യത്തില്‍ ഇടപെടാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഉപദേശം നല്‍കുന്നത് വരെ മാതാപിതാക്കള്‍ക്ക് സാധിക്കുമെങ്കിലും, അവരുടെ തീരുമാനങ്ങളെ നിയന്ത്രിക്കാൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.







